കോടതി നിയോഗിച്ച കമ്മീഷന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം
കരിമണ്ണൂര്‍: കേരള കോണ്‍ഗ്രസ് ജില്ല കമ്മറ്റിയംഗത്തെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസിന്റെ ഒളിച്ചുകളി. കരിമണ്ണൂര്‍ വടക്കേക്കര തോമസ്, സഹോദരന്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് അയല്‍വാസിയായ പടിഞ്ഞാറെയില്‍ ജോസഫ് , ജിബിന്‍ എന്നിവരുള്‍പ്പെടെയുള്ള 12 അംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജോര്‍ജിന്റെ പല്ല് ഒടിഞ്ഞിരുന്നു. കഴിഞ്ഞ 17ന് ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തിന് ശേഷം തൊടുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ തോമസും ജോര്‍ജും അഡ്മിറ്റായെങ്കിലും തോമസിന്റെ മാത്രം മൊഴിയെടുത്ത് പോലീസ് സ്ഥലം വിടുകയായിരുന്നു. പല്ല് തകര്‍ന്ന ജോര്‍ജിന്റെ മൊഴിയെടുക്കാത്തതില്‍ ദുരൂഹയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് നേതാവായ തോമസ് ആരോപിക്കുന്നത്. തോമസും പടിഞ്ഞാറേയില്‍ ജോസഫുമായി വസ്തുവിന്റെ അതിര് തര്‍ക്കം നിലനിന്നിരുന്നു. അനധികൃതമായി തോമസിന്റെ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനെതിരെ തൊടുപുഴ മുനിസിഫ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്നപ്പോഴായിരുന്നു ആക്രമണം. കമ്മീഷന്റെ മുന്നില്‍ വച്ച് നടന്ന ആക്രമണമായിട്ടും പോലീസ് നീതിപൂര്‍വ്വമായി കാര്യങ്ങള്‍ നടത്തുന്നില്ലെന്നാണ് വാദി ഭാഗത്തിന്റെ ആരോപണം. എന്നാല്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും ആക്രമണത്തില്‍ പരിക്കേറ്റ ജോര്‍ജിന്റെ മൊഴി ഉടന്‍ എടുക്കുമെന്നും കരിമണ്ണൂര്‍ പോലീസ് പറഞ്ഞു. ഇതിനിടെ വിദേശത്തേയ്‌ക്ക് പോകാന്‍ തയ്യാറായിരിക്കുന്ന ഒരു പ്രതിയെ കേസില്‍പ്പെടുത്താതെ രക്ഷിക്കാന്‍ തൊടുപുഴ സബ്ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
















