ഹാംബര്‍ഗ്: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് തോല്‍വി. എവേ മത്സരത്തില്‍ ഹാംബര്ഗിനോട് ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റു ബൊറൂസിയ. തോറ്റെങ്കിലും 13 കളികളില്‍ 29 പോയിന്റുമായി രണ്ടാമത് തുടരുന്നു ടീം. ലീഗില്‍ ബൊറൂസിയയുടെ രണ്ടാം പരാജയമാണിത്.
ഹാംബര്ഗിനെതിരെ തീര്‍ത്തും നിരാശപ്പെടുത്തി മുന്‍ ചാമ്പ്യന്മാര്. 19ാം മിനിറ്റില്‍ പിയറി മൈക്കിള്‍ ലസോഗ്ഗയിലൂടെ മുന്നിലെത്തിയ ഹാംബര്‍ഗിനായി ലൂയിസ് ഹോള്ബ്റ്റിയും സ്കോര്‍ ചെയ്തു. മൂന്നാം ഗോള്‍ മാറ്റ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോള്‍. കളിയവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ പിയറി ഔബമയങ് ബൊറൂസിയയുടെ ആശ്വാസം.
ലിയോണിന്
തിരിച്ചടി
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ നിലവില്‍ രണ്ടാമതുള്ള ഒളിംപിക് ലിയോണിന് തോല്‍വി. നീസിനോട് മടക്കമില്ലാത്ത മൂന്നു ഗോളിന് തോറ്റു ലിയോണ്‍. തോല്‍വിയോടെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കാനുള്ള അവസരം അവര്‍ക്ക് നഷ്ടം. ജയം 14 കളികളില്‍ 24 പോയിന്റുമായി നീസിനെ മൂന്നാമതെത്തിച്ചു.
ഇത്രയും കളികളില്‍ ലിയോണിന് 25 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച സീന്‍ 24 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. വലേറെ ജെര്മെയ്ന്, വിന്‍സന്റ് കൊസെയ്ല്ലൊയുമാണ് നീസിനായി ലക്ഷ്യം കണ്ടത്. ഒരെണ്ണം മപൗ യാങ മബിവയുടെ സെല്‍ഫ് ഗോള്‍.
















