ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് എടിപി വേള്‍ഡ് ടൂറിന്റെ സെമിയില്‍. ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ നിര്‍ണായക മത്സരത്തില്‍ കീഴടക്കിയാണ് നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് അവസാന നാലില്‍ ഇടംപിടിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോയുടെ വിജയം. സ്‌കോര്‍: 6-3, 7-5. കഴിഞ്ഞ ദിവസം റോജര്‍ ഫെഡററോട് പരാജയപ്പെട്ട ദ്യോക്കോവിച്ചിന് ഇന്നലത്തെ മത്സരം ഏറെ നിര്‍ണായകമായിരുന്നു. സെമിയില്‍ അഞ്ചാം സീഡ് സ്‌പെയിന്റെ റാഫേല്‍ നദാലിനെയാണ് ദ്യോക്കോ നേരിടുക.
നേരത്തെ സെമി ഉറപ്പിച്ചിരുന്ന റോജര്‍ ഫെഡറര്‍ അവസാന റൗണ്ട് റോബിന്‍ ലീഗ് മത്സരവും വിജയിച്ച് അപരാജിത റെക്കോഡ് നിലനിര്‍ത്തി. ജപ്പാന്റെ കീ നിഷികോരിക്കെതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വിജയിച്ചത്. സ്‌കോര്‍ 7-5, 4-6, 6-4. ഡബിള്‍സില്‍ എട്ടാം സീഡ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ഗിയ സഖ്യവും ഒന്നാം സീഡ് അമേരിക്കയുടെ ബ്രയാന്‍ സഖ്യവും സെമിയിലെത്തി.
















