കളമശേരി: ഐഎസ്എല്ലിന്റെ പണക്കൊഴുപ്പിലും താരത്തിളക്കത്തിലുമാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ ലോകം. കേരളത്തിലെത്തുമ്പോള്‍ അതിനു വീര്യവും വാശിയുമേറും. അതിനു തുണയായി ബ്ലാസ്റ്റേഴ്‌സ് എന്ന സ്വന്തം ടീമുണ്ട്, പിന്തുണയുമായി ആരാധകക്കൂട്ടങ്ങളും. എന്നാല്‍, ഇതിനൊരു അടിവേരുണ്ട്. കേരളത്തിന്റെ സിരകളിലേക്ക് ഫുട്‌ബോള്‍ ജ്വരം സന്നിവേശിപ്പിച്ച പ്രൗഢമായ തലമുറയുണ്ട്. പക്ഷേ, അവരെയൊന്നും ആരും അറിയുന്നില്ല. അറിഞ്ഞാല്‍ തന്നെ അവഗണിക്കുന്നു.
അത്തരമൊരു ജീവിതമാണ് ടി.കെ.എസ്. സുബ്രഹ്മണ്യന്റേത്. സുബ്രഹ്മണ്യനെന്നു പറഞ്ഞാല്‍ ആരെന്നല്ലേ… കേരളത്തെ ആദ്യമായി സന്തോഷ് ട്രോഫി അണിയിച്ച താരം, ഫാക്റ്റ് മണി. 1973ല്‍ മണിയുടെ ഹാട്രിക് ഗോളുകളുടെ മികവിലാണ് കേരളം സന്തോഷ് ട്രോഫിയില്‍ ആദ്യം മുത്തമിട്ടത്. എഴുപത് വയസ് പിന്നിട്ട മണിയിപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളോട് മല്ലിട്ട് ഏലൂരിലെ മകന്‍ ആനന്ദിന്റെ വീട്ടില്‍. കൂട്ടിന് അവഗണന മാത്രം. സര്‍ക്കാരും, തങ്ങളുടെ ആവശ്യത്തിന് മാത്രം മണിയെ ഉപയോഗിച്ച സ്‌പോര്‍ട്‌സ് അസോസിയേഷനുകളും ഇപ്പോള്‍ ആ വഴിക്ക് തിരിഞ്ഞുനോക്കുന്നില്ല.
കഴിഞ്ഞ ഓണത്തിനിടെ വീണ് നെഞ്ചിലെ ഞരമ്പുകള്‍ക്ക് പരിക്കേറ്റു. കുറച്ച് നാള്‍ കട്ടിലില്‍ തന്നെ കഴിച്ചുകൂട്ടി. ഇപ്പോള്‍ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനുമാകുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇതുവരെ ലക്ഷങ്ങള്‍ ചെലവായി. ഇനിയും പണം വേണം. അതിനു പക്ഷേ, ആരുടെയും സഹായമില്ല. കളിക്കാലത്ത് താരപ്രഭയില്‍നിന്ന് മനുഷ്യനെ ഇന്നാര്‍ക്കും വേണ്ട. പുതിയ താരോദയങ്ങളെ കൊണ്ടാടാന്‍ വെമ്പന്ന കായികപ്രേമികളും ഇദ്ദേഹത്തെ മറന്നു. ആരുമിപ്പോള്‍ തന്നെ അന്വേഷിച്ച് വരാറില്ലെന്ന് മണി പറയുന്നു. എല്ലാ വര്‍ഷവും സന്തോഷ് ട്രോഫി ആകുമ്പോള്‍ ചിലര്‍ വരും, ഹാട്രിക് മണിയല്ലേ എന്നു ചോദിച്ച്.. കളിയൊക്കെ കഴിഞ്ഞാല്‍ പിന്നെ ആരും ഉണ്ടാവില്ല- അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ താളിക്കാവിലാണ് മണി ജനിച്ചത്. സുബ്രഹ്മണ്യന്‍ എന്ന പേര് സഹകളിക്കാരാണ് മണി എന്നാക്കി ചുരുക്കിയത്. 1969ല്‍ ഫാക്റ്റ് സിഎംഡി എം.കെ.കെ. നായര്‍ മണിയെ നേരിട്ട് വിളിച്ച് ഫാക്റ്റ് ടീമിലെടുത്തു. ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ ശിഷ്യഗണത്തിലേക്കാമ് എത്തിയത്. സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് ആയി നേരിട്ട് നിയമനം. മണിയെത്തിയതോടെ ഫാക്റ്റ് ടീം ഉയര്‍ച്ചയുടെ പടവുകള്‍ കയറി. തൃശൂര്‍ ചാക്കോളാസ് സ്വര്‍ണ്ണക്കപ്പ്, ജി.വി. രാജ ട്രോഫി, കോട്ടയം മാമന്‍ മാപ്പിള ട്രോഫി, എറണാകുളം നെഹ്‌റു കപ്പ് എന്നിവ നേടിയത് മണിയുടെ മികവില്‍. കളിക്കളത്തില്‍നിന്ന് വിരമിച്ച ശേഷം 1977 മുതല്‍ ഫാക്റ്റിന്റെ പരിശീലകനുമായി.
















