ചെന്നൈ: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എവേ മത്സരത്തില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തില്‍. എവേ മത്സരത്തില്‍ എതിരാളികള്‍ ചെന്നൈയിന് എഫ്സി. ബ്ലാസ്റ്റേഴ്സ് ഇന്ന് തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിടുമ്പോള്‍ പരാജയത്തില്‍ ഹാട്രിക്ക് തികച്ച ചെന്നൈയിന് എഫ്സി ഇന്ന് തിരിച്ചുവരവാണ് ലക്ഷ്യമാക്കുന്നത്.
സീസണിലെ ആദ്യ എവേ വിജയമാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെതിരെ നേടിയത്.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്സും ചെന്നൈയിന് എഫ്സിയും. 10 കളികളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും 10 പോയിന്റുമായി ചെന്നൈയിന് എഫ്സി എട്ടാം സ്ഥാനത്തുമാണ്. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന് ആറാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.
നവംബര്‍ 15ന് നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസമാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഈ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ ക്രിസ് ഡഗ്നല്‍ ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു എന്നത് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് കരുത്തേകും. ഒമ്പത് കളികളില്‍ നിന്ന് അഞ്ച് ഗോളുകളാണ് ഡഗ്നലിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുകയും കളം നിറഞ്ഞ്
കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത അന്റോണിയോ ജര്‍മ്മനും മികച്ച ഫോമിലാണ്. നോര്‍ത്ത് ഈസ്റ്റിനെതിരെ കാവിന് ലോബോയും ഗോള്‍ നേടി മികച്ച പ്രകടനം നടത്തിയിരുന്നു. പുതിയ കോച്ചായി ടെറി ഫെലാന് ചുമതലയേറ്റശേഷം അടിമുടി മാറിയ ടീമാണ് കളത്തില്‍. ടീം ഫോര്‍മേഷനില്‍ വരെ വരുത്തിയ മാറ്റമാണ് ബ്ലാസ്റ്റേഴ്സിനെ അടിമുടി മാറ്റിമറിച്ചത്. പീറ്റര്‍ ടെയ്ലറുടെ 5-3-2 ശൈലിക്ക് പകരം 4-3-1-2 ശൈലിയാണ് ഫെലാന് സ്വീകരിച്ചത്.
നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറക്കിയ അതേ ടീമിനെ തന്നെ ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ അണിനിരത്താനാണ് സാധ്യത. മുന്നേറ്റനിരയില്‍ അന്റോണിയോ ജര്‍മ്മനും ക്രിസ് ഡഗ്നലും മധ്യനിരക്കും സ്ട്രൈക്കര്മാര്ക്കം ഇടയിലായി മെഹ്താബ് ഹുസൈനും ഇറങ്ങിയേക്കും. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ട് മടങ്ങിയത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ദുഃഖം.
മധ്യനിരയില്‍ കളം പിടിച്ചടക്കാന്‍ ജോസു, കാവിന് ലോബോ, ജോസു അല്ലെങ്കില്‍ കോയിമ്പ്ര എന്നിവര്‍ ഇറങ്ങുമെന്ന് ഉറപ്പ്. പ്രതിരോധത്തില്‍ പീറ്റര്‍ റാമേജിനൊപ്പം സന്ദേശ് ജിംഗാന്, സൗമിക് ഡേ, രാഹുല്‍ബെക്കെ എന്നിവര്‍ ഉറപ്പ്. പോസ്റ്റിന് മുന്നില്‍ കഴിഞ്ഞ പത്ത് കളികളിലും കളിച്ച സ്റ്റീവന്‍ ബൈവാട്ടര്‍ തന്നെയാകും കളത്തില്‍. പകരക്കാരുടെ മികച്ച നിരയും ബ്ലാസ്റ്റേഴ്സിന് സ്വന്തം.
നാല് ഗോളുകള്‍ നേടിക്കഴിഞ്ഞ മലയാളി താരം മുഹമ്മദ് റാഫി, മധ്യനിരതാരം വിനീത്, എന്നിവരെക്കൂടാതെ ബ്രൂണോ പെറോണ്‍ തുടങ്ങിയവരും ഒന്നിനൊന്ന് മികച്ചവരാണ്. എങ്കിലും കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുക എന്ന ശീലം ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയേ തീരൂ.
മറുവശത്ത് തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളുടെ കയ്പുനീര് കഴുകിക്കളയാനുറച്ചായിരിക്കും ചെന്നൈയിന് എഫ്സി ഇന്ന് കളത്തിലെത്തുന്നത്. നവം. 5നും 11നും നടന്ന ഹോം മത്സരങ്ങളില്‍ എഫ്സി ഗോവയോടും നോര്‍ത്ത് ഈസ്റ്റിനോടുമാണ് ചെന്നൈയിന് പരാജയപ്പെട്ടത്. പിന്നീട് കഴിഞ്ഞ ദിവസം അത്ലറ്റികോക്കെതിരെ എവേ മത്സരത്തിലും അവര്‍ പരാജയം രുചിച്ചു. നോര്‍ത്ത് ഈസ്റ്റിനും കൊല്‍ക്കത്തക്കും എതിരെ ആദ്യം ഗോള്‍ നേടിയശേഷമാണ് മറ്റരാസിയുടെ ടീം പരാജയം ഏറ്റുവാങ്ങിയത്.
ഇതുവരെ അവര്‍ നേരിട്ട ആറ് തോല്‍വികളില്‍ മൂന്നെണ്ണവും സ്വന്തം തട്ടകത്തില്‍ വെച്ചാണ്. എലാനോയും സ്റ്റീവന്‍ മെന്‍ഡോസയെയും പോലുള്ള സൂപ്പര്‍താരങ്ങളുണ്ടെങ്കിലും ഒരു ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്റ്റീവന്‍ മെന്‍ഡോസ ഇന്ന് കളിച്ചേക്കാന്‍ സാധ്യതയുണ്ട്. മെന്‍ഡോസ ഇറങ്ങിയില്ലെങ്കില്‍ കഴിഞ്ഞ കളിയിലെപ്പോലെ ഫിക്രു ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടേക്കാം.
പൊറ്റന്‍സ നയിക്കുന്ന പ്രതിരോധം മികച്ചതാണ്. ധനചന്ദ്രസിംഗ്, മാലിസണ്‍, വാഡൂ എന്നിവരായിരിക്കും പ്രതിരോധത്തില്‍ പൊറ്റന്സക്കൊപ്പം അണിനിരക്കുക. ചിലപ്പോള്‍ ഇവരിലൊള്ക്കുപകരം ബെര്‍ണാഡ് മെന്‍ഡി ഇറങ്ങാനും സാധ്യതയുണ്ട്. എങ്കിലും പ്രതിരോധത്തില്‍ ചില താളപ്പിഴകളുണ്ട്.
മധ്യനിരയില്‍ റാഫേല്‍ അഗസ്റ്റൂസോ, മാനുവല്‍ ബ്ലാസി, തോയ് സിങ്, മലയാളി താരം സക്കീര്‍ എന്നിവരും ഇടംപിടിച്ചേക്കും. സ്ട്രൈക്കര്‍ക്കും മധ്യനിരക്കും ഇടയിലായി സൂപ്പര്‍താരം എലാനോയും. ഗോള്‍ വലക്ക് മുന്നില്‍ കരണ്‍ജിത് സിങ്ങും. ഒക്ടോബര്‍ 31ന് കൊച്ചിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനില പാലിച്ചിരുന്നു.
തുടര്‍ച്ചയായ നാല് പരായങ്ങള്ക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സമനിലയായിരുന്നു ഇത്.
സെമി പ്രവേശനത്തിനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വാശിയേറി മത്സരത്തിനായിരിക്കും ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
















