കൊച്ചി: ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ 41-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ ആറിനു നടക്കും. മരട് മാങ്കായില്‍ വിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 40ലധികം ജിംനേഷ്യങ്ങളില്‍ നിന്നായി 250 പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂനിയര്‍, സീനിയര്‍, മാസ്‌റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതോടൊപ്പം മെന്‍സ് ഫിറ്റ്‌നസ് ഫിസിക് മത്സരവും നടക്കും. 2016 ഫെബ്രുവരിയില്‍ തിരൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും പറഞ്ഞു. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
വൈകിട്ട് അഞ്ചു മണിക്കു ആരംഭിക്കുന്ന മത്സരങ്ങള്‍ ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ മേജര്‍ രവി സമ്മാനദാനം നിര്‍വഹിക്കും. സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനു 25000 രൂപയും ട്രോഫിയും, ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനു 10000 രൂപയും ട്രോഫിയും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറി ആദം റോക്കി, ജോയിന്റ് സെക്രട്ടറി കെ.ആര്‍. റെനീഷ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോഷി ജോസഫ്, ട്രഷറര്‍ ലിജോ ആന്റണി എന്നിവര്‍ പങ്കെടുത്തു.
















