കൊല്‍ക്കത്ത: ചെന്നൈയിന് എഫ്സിയെ കീഴടക്കി അത്ലറ്റികോ ഡി കൊല്‍ക്കത്ത മുന്നോട്ട്. ഇന്നലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റികോ കൊല്‍ക്കത്ത മാര്‍ക്കോ മറ്റരാസിയുടെ ചെന്നൈയിന് എഫ്സിയെ കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിലും ചെന്നൈയിന് കൊല്‍ക്കത്തയോട് പരാജയപ്പെട്ടിരുന്നു. ഇന്നലെ ചെന്നൈയിന് ടീമിന് വേണ്ടി 27-ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റൂസോയും കൊല്‍ക്കത്തക്ക് വേണ്ടി 45-ാം മിനിറ്റില്‍ സമീഗ് ദൗതിയും 63-ാം മിനിറ്റില്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും ലക്ഷ്യം കണ്ടു.
വിജയത്തോടെ 11 കളികളില്‍ നിന്ന് 17 പോയിന്റുമായി കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചെന്നൈയിന് എഫ്സിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.
കൡയുടെ തുടക്കത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. മിക്കവാറും മധ്യനിരയിലായിരുന്നു കളി. എന്നാല്‍ അഞ്ചാം മിനിറ്റില്‍ ചെന്നൈയിന് താരം എലാനോ ബോക്സിലേക്ക് നല്കിയ ക്രോസിന് മെയില്‍സണ്‍ തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. പന്തടക്കത്തില്‍ ചെന്നൈയിന് ടീമായിരുന്നു അത്ലറ്റികോ കൊല്ക്കത്തയേക്കാള് മികച്ചുനിന്നത്. വിസരമായി കളി മുന്നോട്ടുപോകുന്നതിനിടെ 27-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ പിറന്നു.
റാഫേല്‍ അഗസ്റ്റൂസോയും ഫിക്രുവും ചേര്‍ന്ന് പന്ത്പരസ്പരം കൈമാറി അത്ലറ്റികോ ബോക്സിലെത്തി. തുടര്‍ന്ന് പന്ത് ഏറ്റുവാങ്ങിയശേഷം അഗസ്റ്റൂസോ പായിച്ച ഷോട്ട് കൊല്‍ക്കത്ത ഗോളി അര്മീന്ദറിനെ മറികടന്ന് വലയില്‍ കയറി. 41-ാം മിനിറ്റില്‍ ചെന്നൈയിന്റെ ഫിക്രുവിന് ഒരു അവസരം ലഭിച്ചെങ്കിലും ഗോളിമാത്രം മുന്നില്‍നില്‍ക്കേ പായിച്ച ഷോട്ട് അര്മീന്ദര് അനായാസം കയ്യിലൊതുക്കി. എന്നാല്‍ കളി ഇഞ്ചുറി സമയത്തേക്ക് നീങ്ങിയതിന് പിന്നാലെ അത്ലറ്റികോ സമനില പിടിച്ചു. ബോര്‍ജ എടുത്ത ഫ്രീകിക്ക് ചെന്നൈയിന് ഗോളി കുത്തിയകറ്റിയെങ്കിലും പന്ത് കിട്ടിയത് ബോക്സിന് പുറത്ത് സമീഗ് ദൗതിക്ക്. പന്തുമായി ഒന്ന് മുന്നോട്ടുകയറിയശേഷം ദൗതി പായിച്ച വലം കാലന് ഷോട്ട് അനായാസം ചെന്നൈയിന് വലയില്‍ പതിച്ചു. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ധനചന്ദ്രസിംഗിന് പകരം രാള്ട്ടെയെ ചെന്നൈയിന് കളത്തിലറിക്കി. തൊട്ടുപിന്നാലെ എലാനോക്ക് ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 52-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്തുനിന്ന് കിട്ടിയ ഫ്രീകിക്ക് മുതലാക്കാനും എലാനോക്ക്കഴിഞ്ഞില്ല. 57-ാം മിനിറ്റില്‍ എലാനോ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് ഫിക്രു പിടിച്ചെടുക്കുന്നതിന് മുന്‍പ് അമരിന്ദര്‍ വീണുകിടന്ന് പിടിച്ചു. 58-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ ഷോട്ട് ചെന്നൈയിന് ഗോളി കരണ്‍ജിത് സിംഗ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
63-ാം മിനിറ്റില്‍ കൊല്‍ക്കത്ത ഹ്യൂമിലൂടെ ലീഡ് നേടി. സമീഗ് ദൗതി വലതുവിംഗിലൂടെ കുതിച്ചുകയറിയശേഷം പോസ്റ്റിന് മുന്നിലേക്ക് നല്കിയ ക്രോസ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പാഞ്ഞുകയറിയ ഹ്യൂം അനായാസം വലയിലെത്തിച്ചു. അവസാന മിനിറ്റുകളില്‍ സമനിലക്കായി ചെന്നൈയിന് താരങ്ങളും ലീഡ് ഉയര്‍ത്താനായി അത്ലറ്റികോയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നതോടെ വിജയം കൊല്‍ക്കത്തക്ക് സ്വന്തം.
















