തലശ്ശേരി: മയ്യഴി മഹോത്സവത്തിന്റെ മറവില്‍ വന്‍ പണപ്പിരിവ് നടത്തുന്നതായി മഹോത്സവ വിരുദ്ധ സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2000 മുതല്‍ നടത്തിയ മഹോത്സത്തിന്റെ കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. പുതുച്ചേരി സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന മഹോത്സവത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികളാണ് മദ്യഷാപ്പ് മുതലാളിമാരില്‍ നിന്ന് 25,000 രൂപ വീതം പിരിച്ചെടുക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. കൂടാതെ കോഴിക്കള്ളടത്ത് മാഫിയകളില്‍ നിന്നും പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും ഇവര്‍ ലക്ഷങ്ങളാണത്രെ ആവശ്യപ്പെടുന്നത്.
ഇ.വത്സരാജ് എംഎല്‍എ ആയി 25 വര്‍ഷം തികയുന്നതിന്റെ വാര്‍ഷിക പരിപാടിയും മഹോത്സവത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ 25 വര്‍ഷം എംഎല്‍എയായിരുന്ന എ.വി.ശ്രീധരന്റെ വാര്‍ഷികാഘോഷം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് നേരത്തെ സംഘടിപ്പിച്ചിരുന്നത്. പുതുച്ചേരി സര്‍ക്കാര്‍ അനുവദിച്ച അരക്കോടിയിലേറെ രൂപ മയ്യഴി ഭരണാധികാരികളുടെ കൈവശമുണ്ടെന്നിരിക്കെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കേണ്ട കാര്യമില്ല. ഇനി സ്വകാര്യ വ്യക്തികളില്‍ നിന്ന് നിര്‍ബന്ധ പിരിവ് നടത്തി കിട്ടുന്ന പണമുപയോഗിച്ച് മഹോത്സവം നടത്തുകയാണെങ്കില്‍ പുതുച്ചേരി സര്‍ക്കാര്‍ അനുവദിച്ച അമ്പത് ലക്ഷത്തിലേറെ രൂപ കാന്‍സറും വൃക്കരോഗങ്ങളും ഉള്‍പ്പെടെ മാരകരോഗങ്ങള്‍ പിടിപെട്ടവരെ സഹായിക്കുന്നതിനായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മുന്‍ കൗണ്‍സിലര്‍ പള്ള്യന്‍ പ്രമോദ്, ഡിഎംകെ.നേതാവ് സി.കെ.ഭാസ്‌കരന്‍, ഇ.കെ.മുഹമ്മദലി, ഇസ്മായില്‍ ചങ്ങറോത്ത് എന്നിവര്‍ പങ്കെടുത്തു.
















