പോര്‍വൊറിം: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഇന്നിങ്‌സ് വിജയം. ഗോവയെയാണ് കേരളം ഇന്നിങ്‌സിനും 83 റണ്‍സിനും തകര്‍ത്തത്. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയായിരുന്നു കേരളത്തിന്റെ ഗംഭീര വിജയം. സീസണില്‍ കേരളത്തിന്റെ ആദ്യ ജയംകൂടിയാണിത്.
കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 441 റണ്‍സിനെതിരെ ഗോവ ഒന്നാം ഇന്നിങ്‌സില്‍ 191ന് പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 250 റണ്‍സിന്റെ ലീഡ് നേടിയ കേരളം എതിരാളികളെ ഫോളോ ഓണിന് അയച്ചു. ഒന്നാം ഇന്നിങ്‌സിലെന്നപോലെ രണ്ടാം ഇന്നിങ്‌സിലും തകര്‍ന്നടിഞ്ഞ ഗോവ 167 റണ്‍സ് ഓള്‍ ഔട്ടാവുകയും ചെയ്തു.
വാലറ്റ ബാറ്റ്‌സ്മാന്‍മാരായ അമിത് യാദവും പ്രശാന്ത് പരമേശ്വരനും ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 38 റണ്‍സെടുത്ത പ്രശാന്ത് പരമേശ്വരനാണ് ഗോവ രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍.
ഒന്നാം ഇന്നിംഗ്‌സില്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെയും (109) ഫാബിദ് അഹമ്മദിന്റെയും (106) സെഞ്ചുറികളുടെ കരുത്തിലാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 441 റണ്‍സ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഗോവ സന്ദീപ് വാര്യക്ക് മുമ്പില്‍ തകര്‍ന്നടിയുകയായിരുന്നു. 44 റണ്‍സ് വഴങ്ങി സന്ദീപ് ആറും ഫാബിദ് അഹമ്മദ് രണ്ടും മോനിഷ്, റോഹന്‍ പ്രേം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
സന്ദീപ് വാര്യര്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ മത്സരത്തില്‍ 9 വിക്കറ്റുകള്‍ സ്വന്തമാക്കി. കേരളത്തിന് വേണ്ടി ഫാബിദ് അഹമ്മദ രണ്ടിന്നിങ്‌സുകളിലും രണ്ട് വീതം വിക്കറ്റുകള്‍ പിഴുതു. ഫബിദ് അഹമ്മദാണ് മാന്‍ ഓഫ് ദി മാച്ച്.
















