കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായ സാഞ്ചസ് വാട്ടിന് സീസണിലെ ബാക്കിയുള്ള കളികള്‍ നഷ്ടമായി. കഴിഞ്ഞ ദിവസം അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കളിക്കാനിറങ്ങിയ വാട്ടിന് പിന്‍തുടയ്ക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. കൊച്ചിയില്‍ നടന്ന ഈ മത്സരത്തിന്റെ 35-ാം മിനിറ്റില്‍ കളംവിട്ട വാട്ടിന് സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതെ വന്നത്.
വാര്‍ത്ത ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും ശരിവച്ചിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്ന വാട്ട് ഈ സീസണിലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഒമ്പത് കളികളില്‍ നിന്ന് രണ്ട് ഗോളുകളും 24കാരനായ വാട്ട് നേടി. ക്രിസ് ഡഗ്നലും സാഞ്ചസ് വാട്ടും ഒരുമിച്ച് ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയതോടെയാണ് തുടര്‍ തോല്വികൡ നിന്ന് ബ്ലാസ്റ്റേഴ്സ് കരകയറിയത്. കൊച്ചിയില്‍ പൂനെ എഫ്സിയുമായി നടന്ന മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും വാട്ടായിരുന്നു.
പ്രീമിയര്‍ ലീഗ് ടീം ആഴ്സണലിന്റെ അക്കാദമിയിലാണ് വാട്ട് കളിപഠിച്ചത്. പിന്നീട് സൗത്തെന്‍ഡ് യുണൈറ്റഡിനും ലീഡ്സിനും ഷെഫീല്‍ഡിനും മറ്റും കളിച്ചു. ഈ വര്‍ഷം കോള്‍ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് സാഞ്ചസ് വാട്ട് ഐഎസ്എല്ലിന്റെ ഭാഗമാകാന്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്. ഗോളടിക്കുന്നതിനേക്കാള്‍ മികച്ച പ്ലേ മേക്കറായിട്ടായിരുന്നു വാട്ട് തിളങ്ങിയത്.
അതേസമയം വാട്ടിന്റെ കരിയറില്‍ പരിക്ക് എന്നും വില്ലനായിരുന്നു. 2009-ല്‍ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് മാറിയ വാട്ടിന് 2015 വരെയുള്ള കാലയളവില്‍ ആകെ കളിക്കാനായത് 122 മത്സരങ്ങളില്‍ മാത്രമാണ്. ഇതില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള 9 കളികളും പെടും. വിട്ടുമാറാത്ത പരിക്കാണ് താരത്തിന് മുന്നില്‍ പലപ്പോഴും വിലങ്ങുതടിയായത്.
നിലവില്‍ മാര്‍ക്വീ താരമില്ലാതെ കളിക്കുന്ന ബ്ലാസ്റ്റേഴ്സിന് വാട്ടിന്റെ അഭാവം കനത്ത നഷ്ടമാണ്. വാട്ടിന് പകരം പുതിയ സ്ട്രൈക്കര്‍ക്കായുള്ള അന്വേഷണത്തിലാണ് ടീം അധികൃതര്‍. ഒപ്പം മര്‍ച്ചേനക്ക് പകരം മാര്‍ക്വീ താരത്തെയും കണ്ടെത്തേണ്ടതുണ്ട്. നേരത്തെ വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്ന് മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേനയും ടീമിനോട് വിടപറഞ്ഞിരുന്നു.
















