കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തോണില്‍ വിവിധ വിഭാഗങ്ങളിലായി വിജയരാഘവന്‍ വേണുഗോപാല്‍, ക്ലയര്‍ ബ്രിഗ്‌സ്, വി. വിജേഷ്, ലക്ഷ്മി നായര്‍ എന്നിവര്‍ ജേതാക്കളായി. ഐഡിബിഐ ഫെഡറല്‍ ഇന്‍ഷൂറന്‍സ് സ്‌പോണ്‍സര്‍ ചെയ്ത് സോള്‍സ് ഓഫ് കൊച്ചിന്‍ സംഘടിപ്പിച്ച രണ്ടാമത് എഡിഷന്‍ മാരത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഫുള്‍ മാരത്തോണ്‍ പുരുഷ വിഭാഗത്തിലാണ് ബാംഗ്ലൂരില്‍ നിന്നുള്ള മലയാളിയായ വിജയരാഘവന്‍ വേണുഗോപാല്‍ കിരീടം ചൂടിയത്. മൂന്ന് മണിക്കൂര്‍ 14 മിനിറ്റ് 47 സെക്കന്റിലാണ് 42.2 കി.മീറ്റര്‍ ദൂരം വിജയരാഘവന്‍ പിന്നിട്ടത്. മൂന്ന് മണിക്കൂര്‍ 21 മിനുട്ട് 31 സെക്കന്റില്‍ ഫിനിഷ് ചെയ്ത ബെംഗളൂരു സ്വദേശി ബ്രിജേഷ് ഖജേരയാണ് രണ്ടാമത്. ഹൈദര്‍ നഗര്‍ സ്വദേശി ശങ്കര നാരായണന്‍ വെങ്കട്ടരാമനാണ് മൂന്നാമത്.
വനിതാ വിഭാഗം ഫുള്‍ മാരത്തോണില്‍ ഇംഗ്ല ണ്ടില്‍ നിന്നുള്ള ക്ലയര്‍ ബ്രിഗ്‌സാണ് ചാമ്പ്യന്‍. 4 മണിക്കൂര്‍ 35 മിനിറ്റ് 44 സെക്കന്റില്‍ ക്ലയര്‍ ഫിനിഷ് ചെയ്തു. ബെംഗളൂരു സ്വദേശിനി ആഗ്രിതി വര്‍മ്മ രണ്ടാമതെത്തി. മുബൈയില്‍ സ്ഥിരതാമസമാക്കിയ യുകെ സ്വദേശിനി അലീസിയ സവിക്കയാണ് മൂന്നാമത്.
ഫാഫ് മാരത്തോണില്‍ 21.1 കിലോമീറ്റര്‍ 1 മണിക്കൂര്‍ 19 മിനിറ്റ് 7 സെക്കന്റില്‍ ഓടിയെത്തിയാണ് പത്തനംത്തിട്ട ഏറ്റുമാനൂര്‍ സ്വദേശിയായ വി. വിജേഷിന്റെ കിരീട നേട്ടം. ബെംഗളൂരു സ്വദേശി അവിനേഷ് കുമാര്‍ സൈനി രണ്ടാം സ്ഥാനവും തമിഴ്‌നാട് രാമനാഥപുരം സിരുഗുഡി വേല്‍മുരുകന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വനിതാ വിഭാഗം ഹാഫ് മാരത്തോണില്‍ ബെംഗളൂരുവില്‍ നിന്നെത്തിയ ലക്ഷ്മി നായര്‍ ഒന്നാമതും ബംഗ്ലൂര്‍ സ്വദേശിയായ ശ്യാമള മന്‍മോഹന്‍ രണ്ടാമതും ബംഗ്ലൂരുവില്‍ നിന്നു തന്നെയുള്ള ബബിത ബറുവതി മൂന്നാം സ്ഥാനവും നേടി.
ഫുള്‍ മാരത്തോണ്‍ പുലര്‍ച്ചെ നാലിന് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി ഫഌഗ് ഓഫ് ചെയ്തു. ഹാഫ് മാരത്തോണിന്റെ ഫഌഗോഫ് നിര്‍വ്വഹിച്ചത് 78 കാരനായ വെങ്കിടാചലമാണ്. 5 കിലോമീറ്ററുള്ള ഫാമിലി മാരത്തോണില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. അഞ്ച് വയസ്സുകാരന്‍ കാര്‍ത്തികും മാരത്തോണില്‍ പങ്കെടുത്തു.
















