കോഴിക്കോട്: ജില്ലയില്‍ പുതുതായി രൂപീകരിച്ച പയ്യോളി, ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, മുക്കം നഗരസഭകളിലും സത്യ പ്രതിജ്ഞാ ചടങ്ങ് ആഘോഷമായി.
പയ്യോളി നഗരസഭാ കൗണ്‍സിലര്‍മാരിലെ മുതിര്‍ന്ന അംഗം പി. അസ്സൈനാര്‍ക്ക് വരണാധികാരി എം.പി. അബ്ദുള്‍ റഷീദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് 35 അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പെരുമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സതീദേവി,പി.പി. പുഷ്പ എന്നിവര്‍ സംസാരിച്ചു.
മുക്കം: പ്രഥമ മുക്കം നഗരസഭയില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്നലെ രാവിലെ പത്ത് മണിയോടെ മുതിര്‍ന്ന അംഗം മണാശ്ശേരി ഡിവിഷനില്‍ നിന്ന് വിജയിച്ച എന്‍. ചന്ദ്രന്‍ മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുഴുവന്‍ അംഗങ്ങള്‍ക്കും എന്‍. ചന്ദ്രന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 33 അംഗഭരണസമിതിയില്‍ 22 അംഗങ്ങള്‍ എല്‍ ഡി എഫിനും 10 അംഗങ്ങള്‍ യു ഡി എഫിനും ഒരംഗം ബിജെപി ക്കുമാണ്.
വടകര നഗരസഭ കൗണ്‍സിലിലേക്ക് പുതുതായ് തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ വടകര ടൗണ്‍ഹാളില്‍ നടന്നു. കൗണ്‍സിലിലെ തലമുതിര്‍ന്ന അംഗം എം. പി. അഹമ്മദിന് വരണാധികാരിയായ ഡിഎഫ്ഒ ഗിരിജ പുഷ്പം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് എം. പി. അഹമ്മദ് പുതുതായ് തെരഞ്ഞെടുത്ത മറ്റ് 46 അംഗങ്ങള്‍ക്ക് വാര്‍ഡ് ക്രമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒന്നാം വാര്‍ഡ് ബിജെപി അംഗം വ്യാസന്‍ പുതിയപുരയില്‍ മുതല്‍ 47 ാം വാര്‍ഡ് കൗണ്‍സിര്‍ വി.പി. മുഹമ്മദ് റാഫി വരെയുള്ള അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. നഗര സഭ സെക്രട്ടറി കൃഷ്ണവേണി നന്ദി പറഞ്ഞു.
കൊയിലാണ്ടി, ഫറോക്ക് , രാമനാട്ടുകര , കൊടുവള്ളി നഗരസഭകളിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
















