ഡബ്ലിന്‍: പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിജേന്ദര്‍ സിങ്ങിന്റെ ഉഗ്രന്‍ പ്രകടനം തുടരുന്നു. കരിയറിലെ രണ്ടാം മത്സരത്തിലും വിജേന്ദര്‍ നോക്കൗട്ട് ജയം നേടി. ഇംഗ്ലണ്ടിന്റെ ഡീന്‍ ഗില്ലനെയാണ് ഇക്കുറി ഒന്നാം റൗണ്ടില്‍ വിജേന്ദര്‍ ഇടിച്ചിട്ടത്. അരങ്ങേറ്റത്തില്‍ മറ്റൊരു ഇംഗ്ലീഷ് ബോക്സര്‍ സോണി വിറ്റിങ്ങിനെയും വിജേന്ദര്‍ നോക്കൗട്ട് ചെയ്തിരുന്നു.
എതിരാളിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ അതിവേഗം തിരിച്ചറിഞ്ഞ വിജേന്ദര്‍ ഉഗ്രന്‍ പഞ്ചുകള്‍ തൊടുത്തപ്പോള്‍ മൂന്നു മിനിറ്റുപോലും മത്സരം നീണ്ടില്ല. കരുത്തുറ്റ വലംകൈയന്‍ ഇടികളുമായി ഇന്ത്യന്‍ ബോക്സര്‍ കത്തിക്കയറിയപ്പോള്‍ ഗില്ലന്‍ വിരണ്ടൊതുങ്ങി. ആദ്യ നിമിഷങ്ങളിലൊന്നില്‍ വിജേന്ദറിന്റെ ഇടിയേറ്റ് ഗില്ലന്‍ നിലത്തുവീണു.
ചാടിയെഴുന്നേറ്റ ഗില്ലന്‍ വീണ്ടും പൊരുതിനോക്കി. പക്ഷേ, വിജേന്ദറിന്റെ തുടരന് ഇടികള്‍ ഒരിക്കല്‍ക്കൂടി ഗില്ലനെ റിങ്ങിന്റെ മൂലയിലെത്തിച്ചു. ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ താങ്ങാനാവാതെ രണ്ടാംവട്ടവും ഗില്ലന്‍ നിലംപൊത്തി. അതോടെ റഫറി വിജേന്ദറിനെ വിജയിയായി പ്രഖ്യാപിച്ചു. ഡിസംബര്‍ 19നാണ് വിജേന്ദറിന്റെ അടുത്ത മത്സരം. പ്രതിയോഗിയെ പിന്നീട് നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: