കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി വിദര്‍ഭ ഓപ്പണര്‍ വസീം ജാഫറിന്. ബംഗാളിനെതിരെ സാള്‍ട്ട്ലേക്കിലെ ജാദവ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന മത്സരത്തിലാണ് ഈ അപൂര്‍വം നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.
വ്യക്തിഗത സ്കോര്‍ ആറിലെത്തിയപ്പോള്‍ ജാഫര്‍ 10,000 തികച്ചു. ഒമ്പത് റണ്‍സെടുത്ത വിദര്‍ഭ ഓപ്പണറെ ഇടംകൈയന്‍ സ്പിന്നര്‍ പ്രജ്ഞാന് ഓജ മടക്കി. കളിയില്‍ ബംഗാളിന്റെ 334നെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141ല്‍ വിദര്‍ഭ.
1996-97ല്‍ മുംബൈയ്ക്കായി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ ജാഫര്‍ രഞ്ജി ട്രോഫിയില്‍ 127 മത്സരം കളിച്ചു. ഉയര്‍ന്ന സ്കോര്‍ 196 നോട്ടൗട്ട്, 35 സെഞ്ചുറിയും 41 അര്‍ധശതകവും ആ ബാറ്റില്‍നിന്ന് പിറന്നു. ശരാശരി 58.14. ദുലീപ് ട്രോഫിയില്‍ 2,545, ഇറാനി ട്രോഫിയില്‍ 1,008 റണ്‍സും ഇദ്ദേഹത്തിന്റെ പേരില്‍. ആകെ 61 സെഞ്ചുറി, 112 അര്‍ധശതകം. 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും ഇന്ത്യയ്ക്കായി കളിച്ചു.
ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 1944 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 212. ടെസ്റ്റില്‍ രണ്ടു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: