കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ കേരള സൂപ്പര്‍ ലീഗ് ഫുട്ബോള്‍ (കെഎസ്എല്‍) മത്സരങ്ങളുടെ നടത്തിപ്പ് നടപടികള്‍ക്കു തുടക്കം. കേരള ഫുട്ബോള്‍ അസോസിയേഷനും (കെഎഫ്എ) മത്സരങ്ങളുടെ മുഖ്യ നടത്തിപ്പുകാരായ സെലിബ്രിറ്റി മാനേജ്മെന്റ് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡുമായി (സിഎംജി) കരാര്‍ കൈമാറി. ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൂഡ് ഗുള്ളിറ്റ് കെഎസ്എല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവര്‍ സിഎംജി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഭാസ്വര്‍ ഗോസ്വാമിയില്‍ നിന്ന് കരാര്‍ സ്വീകരിച്ചു.
അസമിനു ശേഷം രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന് ഐഎസ്എല്‍ മാതൃകയില്‍ ടൂര്‍ണമെന്റിനു തുടക്കം കുറിക്കുന്നത്. മത്സര നടത്തിപ്പിന് 25 കോടി രൂപ സിഎംജി സമാഹരിക്കും. സാമ്പത്തിക കാര്യങ്ങളുടെ ചുമതല സിഎംജിക്ക്. എട്ട് മുതല്‍ 12 ഫ്രാഞ്ചൈസികളെ വരെയാണ് പരിഗണിക്കുന്നത്. ജില്ലകളും ടൗണുകളും തിരിച്ച് ടീമുകള്‍ മത്സരിക്കാനെത്തും. ഐഎസ്എല്‍ മാതൃകയില്‍ തന്നെയായകും ഫ്രാഞ്ചൈസികളുടെയും കളിക്കാരുടെയും ലേലം. വിദേശ താരങ്ങളെയും പങ്കെടുപ്പിക്കും.
വിദേശതാരങ്ങള്‍ പലരും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കെ.എം.ഐ മേത്തര്‍ അറിയിച്ചു. എട്ട് ടീമുകളെങ്കില് കുറഞ്ഞത് 120 ഇന്ത്യന്‍ കളിക്കാര്‍ക്ക് അവസരം ഉണ്ടാകും. കേരളത്തില്‍നിന്നുള്ള കളിക്കാര്‍ക്ക് മുന്‍തൂക്കം.
കളിക്കാരുടെ കാര്യത്തില്‍ രണ്ട് നിബന്ധനകള്‍. അണ്ടര്‍ 23, അണ്ടര്‍ 20 കാറ്റഗറിയില്‍ വരുന്ന അഞ്ച് കളിക്കാര്‍ വീതം ഓരോ ടീമിലും ഉണ്ടാകണം. ഇവരില്‍ കണ്ട് വിഭാഗത്തില്‍നിന്ന് ഓരോരുത്തരെങ്കിലും പ്ലെയിങ് ഇലവനില്‍ വേണമെന്നു നിര്‍ബന്ധം. ഈ രണ്ട് ഏജ് ഗ്രൂപ്പിലെയും കളിക്കാര്‍ കേരളത്തില്‍ നിന്നുള്ളവരാകണം. ഈ താരങ്ങളെ സബ്സ്റ്റിറ്റിയൂട്ട് ചെയ്താല്‍ ഇതേ ഏജ് ഗ്രൂപ്പില്‍ നിന്നുള്ളവരാകണം പകരം വരേണ്ടത്.
ഇതുവഴി പുതിയ കളിക്കാര്‍ക്ക് ഓരോ ടീമിലും തുടര്‍ച്ചയായി കളിക്കാനുള്ള അവസരം ലഭിക്കും. ഇറ്റലി, ഹോളണ്ട്, സ്പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ ലീഗുകളിലെ രണ്ടാം ഡിവിഷന് താരങ്ങളെ കെഎസ്എല്ലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി ഭാസ്വര്‍ ഗോസ്വാമി പറഞ്ഞു. ഓരോ ടീമിനും പ്രമുഖ പരിശീലകരെയും ലഭ്യമാക്കും. ആറ് വിദേശ താരങ്ങളെ ഓരോ ടീമിലും ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും ഇവര്‍ പറഞ്ഞു.
ടീമുകളെ ക്ഷണിച്ചുള്ള വിജ്ഞാപനം ഈ മാസം 15നു കെഎഫ്എ വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28. ലേലത്തിനു മുന്‍പുള്ള ടീമുകളുടെ ഏകദേശ രൂപം 22നു വിലയിരുത്തും. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് പ്രതിവര്‍ഷം 10 കോടി അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ടേണ്‍ ഓവര്‍ 25 കോടി ആകണം. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ക്ക് മുന്‍ഗണന. ഇതില്‍ ഒരു ജില്ലയില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്കും പങ്കെടുക്കാന്‍ അവസരം. ഹോം ആന്‍ഡ് എവേ രീതിയിലാകും മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: