മംഗലാപുരം: കുവൈറ്റില്‍ സത്യനാരായണ പൂജ നടത്തിയ 11 ഭാരതീയരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവരെ മോചിപ്പിക്കാനോ കോടതിയില്‍ ഹാജരാക്കുവാനോ കുവൈറ്റ് അധികൃതര്‍ തയ്യാറായിട്ടില്ല.
നവചേതന വെല്‍ഫെയര്‍ അസോസിയേഷന് അംഗങ്ങളായ കര്‍ണാടക സ്വദേശികളാണ് ഇവരിലേറെയും. കുവൈറ്റിലെ പൊതുഹാളില്‍ പതിറ്റാണ്ടുകളായി അസോസിയേഷന് പൂജ സംഘടിപ്പിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ പൂജക്കായി ഇവര്‍ അനുവാദം വാങ്ങിയിരുന്നില്ലായെന്നാണ് പറയുന്നത്.
അയല്‍വാസികളുടെ പരാതിയെത്തുടര്‍ന്ന് ഇവരെ പോലീസ്കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കുവൈറ്റിലെ ഭാരത അംബാസഡര്‍ സുനില്‍ ജെയിന് പറഞ്ഞു. പൂജാസമയത്തെ മന്തോച്ചാരണങ്ങളുടെ ശബ്ദവും മണിയടിയും അയല്‍വാസികളെ ആകര്‍ഷിക്കുകയും ഇവര്‍ പോലീസില്‍ പരാതിപറയുകയുമായിരുന്നു. ഭാരത അംബാസഡറുമായി ബന്ധപ്പെട്ട ഉഡുപ്പി-ചിക്കമാംഗ്ലൂര്‍ എംപി ശോഭ കരന്തല്ജേ പറയുന്നത് കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ നല്കുവാന് കുവൈറ്റ് തയ്യാറാവുന്നില്ലായെന്നാണ്.
കുവൈറ്റ് അധികൃതര്‍ ഭാരത എംബസിയുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. അനുവാദമില്ലാതെ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്താല്‍ പത്ത് ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് കുവൈറ്റ് നിയമം. എന്നാല്‍ ഇവര്‍ കസ്റ്റഡിയിലായിട്ട് 14 ദിവസത്തിലേറെയായി.
ഇവരെ കോടതിയില്‍ ഹാജരാക്കുകയോ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയുവാനോ കുവൈറ്റ് തയ്യാറാവുന്നില്ല. പൂജ സംഘടിപ്പിച്ചിരുന്നോ എന്ന് മാത്രമാണ് അസോസിയേഷന് പ്രസിഡന്റ് അശോക് കുമാറിനോട് അധികൃതര്‍ ചോദിച്ചത്.
അശോക് കുമാര്‍ യാദവ് പൂജാരി, അനില്‍കുമാര്‍. ഉമേഷ് ഷെട്ടി, അരുണ്‍ ഷെട്ടി, പ്രശാന്ത് ഷെട്ടി എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടുന്നു. ദക്ഷിണ കന്നട എംപി നളിന്‍ കുമാര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി പ്രശ്നം ചര്‍ച്ച ചെയ്തു. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സുഷമ ഉറപ്പ് നല്‍കിയതായി എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: