ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ സമഗ്ര വികസനത്തിനായി 80,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനഗറില്‍ ബിജെപി-പിഡിപി പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതുവെറും തുടക്കം മാത്രമാണ്. രാജ്യത്തിന്റെ ഖജനാവ് മാത്രമല്ല രാജ്യത്തിന്റെ ഹൃദയവും ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കായി തുടിച്ചുകൊണ്ടിരിക്കുന്നു. കാശ്മീര്‍ ഇല്ലാതെ ഭാരതം പൂര്‍ണ്ണമാകില്ലെന്നും ഐക്യത്തിന്റെ സന്ദേശം പകരുന്ന സൂഫി പാരമ്പര്യം ഉരുത്തിരിഞ്ഞുവന്ന മണ്ണാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം കാശ്മീരികള്‍ തിങ്ങിനിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കാശ്മീരിനെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് തിരികെ എത്തിക്കുമെന്നും പ്രഖ്യാപിച്ചു. ബിജെപി-പിഡിപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായി ജമ്മുകശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
പണ്ട് ആളുകളുടെ കയ്യില്‍ കാശുണ്ടെങ്കില്‍ അവര്‍ ആഗ്രഹിച്ചിരുന്നത് കശ്മീര്‍ സന്ദര്‍ശിക്കാനായിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന്റെ ആ സുവര്‍ണ്ണ കാലത്തെ കാശ്മീരില്‍ പുനസ്ഥാപിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, മോദി പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പറഞ്ഞ ‘കശ്മീരി ജനങ്ങളുടെ സാമൂഹ്യാവസ്ഥ, സാംസ്‌ക്കാരികമൂല്യങ്ങള്‍, ജനാധിപത്യം, മനുഷ്യത്വം’ എന്നീ മന്ത്രങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും കശ്മീരിന്റെ വികസനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കള്‍ക്കാവശ്യം തൊഴിലാണ്. ഇതിനായി സംസ്ഥാനത്തെ ബിജെപി-പിഡിപി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പാറപോലെ ഉറച്ചുനില്‍ക്കും. സമ്പദ്‌രംഗത്തിന്റെയും സാങ്കേതികവിദ്യയുടേയും എല്ലാ ഉയരങ്ങളിലും സംസ്ഥാനത്തെ എത്തിക്കും. എയിംസ്, ഐഐറ്റി, ഐഐഎം, മികച്ച റോഡുകള്‍, റെയില്‍വേ തുടങ്ങിയ ആവശ്യങ്ങളും പരിഹരിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷം സംഭവിച്ച പ്രളയത്തില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് എല്ലാം തിരികെ നല്‍കേണ്ടതുണ്ട്. എല്ലാ കുടുംബങ്ങളെയും അവരുടെ പ്രശ്‌നങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീനഗര്‍ റാലിക്കു ശേഷം രാംബാന്‍ ജില്ലയിലെ ബാഗ്‌ലിഹാര്‍ ഹൈഡ്രോ ഇലക്ട്രിക് വൈദ്യുത പദ്ധതികളും ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ഉധംപൂര്‍-ബനിഹല്‍ നാലുവരിപ്പാതയും അമര്‍നാഥ് ഭഗത് നൈപുണ്യവികസന ഇന്‍സ്റ്റിറ്റിയൂട്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വൈകിട്ട് 4മണിയോടെ പ്രധാനമന്ത്രി ദല്‍ഹിക്ക് മടങ്ങി.
















