ന്യൂദല്‍ഹി: ഭാരതം സഹിഷ്ണുത നിറഞ്ഞ രാഷ്‌ട്രമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കലാസാംസ്‌ക്കാരിക-സിനിമാ രംഗങ്ങളിലെ പ്രമുഖര്‍ രാജ്യതലസ്ഥാനത്ത് അണിനിരന്നു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പ്രചരിപ്പിക്കുന്നതിന് ആര്‍ക്കും അധികാരമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നടന്ന മാര്‍ച്ചിനെ നയിച്ചവര്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ചയും നടത്തി.
അവാര്‍ഡുകള്‍ നല്‍കുന്നത് സര്‍ക്കാരുകളല്ലെന്നും രാജ്യത്തെ ജനങ്ങളാണെന്നും രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പ്രതികരിച്ചതായി പ്രകടനം നയിച്ച നടന്‍ അനുപം ഖേര്‍ പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന മതേതരത്വം അടിസ്ഥാനമാക്കിയാണ് എഴുതിയിരിക്കുന്നതെന്നും നാമതിനെ ബഹുമാനിക്കുന്നതായും രാഷ്‌ട്രപതി പ്രതികരിച്ചതായി അനുപം ഖേര്‍ പറഞ്ഞു. ഭാരതം എന്നത് സഹിഷ്ണുത നിറഞ്ഞ രാഷ്‌ട്രമാണ്.
ചിലര്‍ അസഹിഷ്ണുത വളരുന്നു എന്നു പരിതപിക്കുന്നു. എന്നാലവര്‍ വളരെ കുറച്ചുമാത്രമാണ്. എല്ലാ ഭാരതീയരും അങ്ങനെ കരുതുന്നതേയില്ല. നമ്മളെല്ലാവരും മതേതരത്വം വെച്ചുപുലര്‍ത്തുന്ന ജനങ്ങളാണ്. നമ്മളൊരിക്കലും കപട മതേതരത്വത്തിലും കപട രാഷ്‌ട്രീയവാദികളുടെ നിലപാടുകള്‍ക്കും ഒപ്പം നില്‍ക്കില്ലെന്നും അനുപം ഖേര്‍ പറഞ്ഞു. നിരവധി എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും കലാകാരന്മാരുമായും വിഷയം സംസാരിക്കുകയും രാജ്യത്ത് അസഹിഷ്ണുത നിറഞ്ഞ സാഹചര്യമില്ലെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതം അസഹിഷ്ണുവല്ലെന്ന് വ്യക്തമാക്കുന്നതായാണ് പ്രകടനം നടത്തിയത്, അനുപം ഖേര്‍ പ്രതികരിച്ചു.
സിനിമാ മേഖലയിലെ പ്രമുഖരായ മധൂര്‍ ഭണ്ഡാര്‍ക്കര്‍, അശോക് പണ്ഡിറ്റ്, പ്രിയദര്‍ശന്‍, മനോജ് ജോഷി, അഭിജിത് ഭട്ടാചാര്യ, എഴുത്തുകാരനായ മധു കിഷ്‌വാര്‍ എന്നിവര്‍ നയിച്ച പ്രതിഷേധ മാര്‍ച്ചിന് ശേഷം രവീണാ ഠണ്ഡന്‍ ഉള്‍പ്പെടെ 40 പ്രമുഖര്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിച്ചു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളവരാണെന്നും അതിനാല്‍ തന്നെ അവരുടെ പ്രചാരണം സംശയകരമാണെന്നും മധൂര്‍ ഭണ്ഡാര്‍ക്കര്‍ പ്രതികരിച്ചു. രാജ്യത്ത് ഒരു വിഭാഗം നടത്തുന്ന പ്രചാരണങ്ങള്‍ വിദേശത്ത് തെറ്റായാണ് വ്യാഖ്യാനിക്കപ്പെടുക. വ്യത്യസ്തകള്‍ നിറഞ്ഞ രാജ്യത്ത് ചില പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും അതെല്ലാം നമ്മള്‍ മറികടക്കുമെന്നും ഭണ്ഡാര്‍ക്കര്‍ പറഞ്ഞു.
അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്ന നിലപാടുകള്‍ കുട്ടിത്തരമാണെന്ന് പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. അവര്‍ അവരുടെ പേനയുടെ ശക്തി കാണിക്കാനാണ് ശ്രമിക്കേണ്ടത്. ചില അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റങ്ങള്‍ എല്ലാക്കാലത്തും രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടായിട്ടുണ്ടെന്നും അവയൊന്നും ഇന്നലെ മാത്രം ആരംഭിച്ചതല്ലെന്നും ജനങ്ങള്‍ക്കറിയാം. ബഹുമാന്യരായ വ്യക്തികള്‍ സ്‌കൂള്‍ കുട്ടികളെപ്പോലെ പ്രതികരിക്കുകയാണ്, പ്രിയദര്‍ശന്‍ പറഞ്ഞു. എഴുത്തുകാര്‍ക്കെതിരെ പ്രതിഷേധിച്ച പ്രമുഖരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി.
















