ന്യൂദല്‍ഹി: ഭാരതത്തിന്റെ ശക്തിയും സവിശേഷതയും വൈവിധ്യമാണെന്നും സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത് ക്ഷുദ്രമനസ്സിന്റെ ഉടമകളാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത് പറഞ്ഞു. വൈവിധ്യത്തെ പാശ്ചാത്യര്‍ വലിയ പ്രശ്‌നമായി നോക്കിക്കാണുമ്പോള്‍ ഭാരതം അതിന്റെ വൈവിധ്യത്തെ ഉത്സവമാക്കി ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്മയാനന്ദസ്വാമി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
വസുധൈവ കുടുംബകം എന്നതാണ് ഭാരതത്തിന്റെ സങ്കല്‍പ്പം. ഈ സങ്കല്‍പ്പമാണ് ഭാരതം ലോകത്തിന് മുന്നില്‍ വെച്ചത്. വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പം മറന്നാല്‍ രാഷ്‌ട്രം ഇല്ലാതാകുമെന്നും സങ്കല്‍പ്പം ഇല്ലാതാകുന്ന സാഹചര്യത്തില്‍ അതിനെ രാഷ്‌ട്രം സ്വയം നിര്‍മ്മിക്കുമെന്നും സര്‍സംഘചാലക് പറഞ്ഞു. ലോകത്തിന് മുഴുവന്‍ അറിവ് പകര്‍ന്നു നല്‍കിയിരുന്ന കേന്ദ്രമായി ഭാരതത്തെ പുനഃസൃഷ്ടിക്കേണ്ടതുണ്ടെന്നും എല്ലാ ഹിന്ദുക്കളെയും സംഘടിപ്പിക്കേണ്ടതിന്റെ അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രഭാഷണങ്ങള്‍ അല്ല വേണ്ടത്, പ്രവൃത്തിയാണ്. രാഷ്‌ട്രനീതിയാണ് അല്ലാതെ രാജനീതി(രാഷ്‌ട്രീയം) അല്ല ആര്‍എസ്എസിന്റെ താല്‍പര്യമെന്നും സര്‍സംഘചാലക് വ്യക്തമാക്കി.
വസുധൈവ കുടുംബകത്തിന്റെ പ്രേരണയില്‍ എല്ലാ വിശ്വാസങ്ങളുടേയും സാഹോദര്യത്തോടെയുള്ള രാഷ്‌ട്ര നിര്‍മ്മാണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക്. പാശ്ചാത്യര്‍ എക്കാലത്തും ഭാരതത്തെപ്പറ്റി ആശ്ചര്യപ്പെട്ടിരുന്നത് എങ്ങനെയാണ് ഇത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ രാഷ്‌ട്രം മുന്നോട്ട് പോകുന്നതെന്നോര്‍ത്തായിരുന്നു. സ്വാതന്ത്ര്യം കിട്ടിയാല്‍ ഭാരതീയര്‍ തമ്മില്‍ തല്ലി അവസാനിക്കുമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ വിചാരം. നിറത്തിന്റെയും ഭാഷയുടേയും അടിസ്ഥാനത്തില്‍ ലോകത്തെ വിഭജിക്കുന്നത് ക്ഷുദ്രമനസ്സുള്ളവരാണ്.
വിശാലമനസ്സുള്ളവര്‍ ലോകം മുഴുവനും അവരുടെ സ്വന്തമാണെന്നു കരുതി ജീവിക്കുന്നു. ആരുടേയും വിശ്വാസങ്ങള്‍ നോക്കി പരിഗണിക്കാതെ എല്ലാവരേയും നമുക്ക് സ്വീകരിക്കണം. അതാണ് ഭാരതത്തിന്റെ പ്രത്യേകത. ലോകം മുഴുവനും ഒരു കുടുംബമാക്കിത്തീര്‍ക്കാനാകണം നമ്മുടെ പരിശ്രമം. അധികാരവും സമ്പത്തും വിദ്യാഭ്യാസവും ഏതെങ്കിലും ഒരുഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ ഒരിക്കലും രാജ്യത്ത് സംജാതമാകരുതെന്നും സര്‍സംഘചാലക് പറഞ്ഞു.
അടുത്ത ഇരുപത് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സന്യാസിമാരുടേയും മറ്റു പ്രമുഖരുടേയും ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നും ഡോ.മോഹന്‍ റാവു ഭാഗവത് പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൂത,പേര്‍ഷ്യന്‍, ജൈന വിഭാഗത്തിലെ ആചാര്യന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ എല്ലാവരും ലോകനന്മയ്‌ക്കായി കൈകള്‍ കോര്‍ത്തു പിടിച്ച് രാജ്യത്തിന് സന്ദേശം നല്‍കി.
















