പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളം ഇന്ന് ത്രിപുരക്കെതിരെ. കേരളത്തിന്റെ രണ്ടാം ഹോം മത്സരമാണ് പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്നത്. രാവിലെ 9.30 ന് മത്സരം തുടങ്ങും.
കഴിഞ്ഞ മത്സരത്തില്‍ സര്‍വീസസിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് കേരളം സ്വന്തം മണ്ണില്‍ ത്രിപുരക്കെതിരെ ഇറങ്ങുന്നത്. ആദ്യഹോം മത്സരത്തില്‍ കേരളം ഝാര്‍ഖണ്ഡിനോട് പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നായി 9 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ജമ്മു- കശ്മീര്‍, ഹൈദരാബാദ്, സര്‍വീസസ് എന്നീ ടീമുകളോട് സമനില പാലിച്ച കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് 9 പോയിന്റ് ലഭിച്ചത്.
ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി എന്നിവര്‍ മികച്ച ഫോമിലാണ്. ഹൈദരാബാദിനെതിരെ ഡബിള്‍ സെഞ്ച്വറിയും സര്‍വീസസിനെതിരെ സെഞ്ച്വറിയും നേടിയ രോഹന്‍ പ്രേം 490 റണ്‍സുമായി ഈ സീസണില്‍ ഏറ്റവുംകൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഈ സീസണില്‍ 10 വിക്കറ്റ് വീഴ്‌ത്തിയ രോഹന്‍ ബൗളിങ്ങിലും മികവ് പുലര്‍ത്തി.
ബൗളിങ്ങില്‍ കേരളത്തിന്റെ കെ. മോനിഷും മികച്ച് ഫോമിലാണ്. 4 മത്സരങ്ങളില്‍ നിന്നായി 27 വിക്കറ്റെടുത്ത മോനിഷ് ഈ സീസണില്‍ ഏറ്റവുംകൂടുതല്‍ വിക്കറ്റെടുത്തവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
















