ബ്രിസ്‌ബെന്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറായ നാലിന് 556 റണ്‍സിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്ത് വന്‍ തകര്‍ച്ച നേരിടുകയാണ്. 55 റണ്‍സുമായി കെയ്ന്‍ വില്ല്യംസണും 14 റണ്‍സുമായി വാറ്റ്‌ലിങുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റുകള്‍ കയ്യിലിരിക്കെ ന്യൂസിലാന്‍ഡ് 399 റണ്‍സിന് പിന്നിലാണ്.
389ന് രണ്ട് എന്ന നിലയില്‍ ഇന്നലെ കളി ആരംഭിച്ച ഓസ്‌ട്രേലിയ 174 റണ്‍സെടുത്ത ഉസ്മാന്‍ കവാജയുടെയും 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വോഗ്‌സിന്റെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 556 റണ്‍സ് അടിച്ചുകൂട്ടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡിന് ഗുപ്റ്റിലും (23) ലാഥമും (47) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് തകര്‍ന്നടിയുകയായിരുന്നു. ഒന്നിന് 102 എന്ന നിലയില്‍ നിന്ന് അവര്‍ അഞ്ചിന് 118 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു. ഗുപ്റ്റിലും ലാഥമും പുറത്തായതോടെയാണ് അവരുടെ കൂട്ടത്തകര്‍ച്ച. പിന്നീട് റോസ് ടെയ്‌ലര്‍ (0), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (6), നീഷാം (3) എന്നിവര്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടു. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും രണ്ടും ഹെയ്‌സല്‍വുഡ് ഒന്നും വിക്കറ്റ് വീഴ്‌ത്തി.
















