ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, നപ്പോളി, റാപ്പിഡ് വിയന്ന, മോള്‍ഡെ, ലാസിയോ എന്നീ ടീമുകള്‍ നോക്കൗട്ട് റൗണ്ടിലെത്തി.
ഗ്രൂപ്പ് എയില്‍ നോര്‍വീജിയന്‍ ക്ലബ് മോള്‍ടെ നാലാം റൗണ്ട് മത്സരത്തില്‍ സ്കോട്ടിഷ് ടീം സെല്‍റ്റിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി 10 പോയിന്റുമായാണ് നോക്കൗട്ട് ഘട്ടത്തില്‍ ഇടംപിടിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അയാക്സ് ഫെനര്‍ബാഷെ കളി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഫെനര്‍ബാഷെ രണ്ടാമതും മൂന്ന് പോയിന്റുമായി അയാക്സ് മൂന്നാമതുമാണ്. രണ്ട് പോയിന്റുള്ള സെല്‍റ്റിക്കാണ് നാലാമത്.
ഗ്രൂപ്പ് ബിയില്‍ ലിവര്‍പൂള്‍ എവേ മത്സരത്തില്‍ ഒരു ഗോളിന് റൂബി കസാനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 52-ാം മിനിറ്റില്‍ ജോര്‍ദാന്‍ ഇബെയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. നാല് കളികളില്‍ നിന്ന് 6 പോയിന്റുള്ള ലിവര്‍പൂള്‍ ഗ്രൂപ്പില്‍ രണ്ടാമതാണ്. ബോര്ഡക്സുമായി 1-1ന് സമനില പാലിച്ച സ്വിസ് ടീം സിയോണ്‍ എഫ്സിയാണ് ഒന്നാമത്. 8 പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്ന് പോയിന്റുള്ള ബോര്‍ഡക്സ് മൂന്നാമതും റുബിന്‍ കസാന്‍ രണ്ട് പോയിന്റുമായി നാലാമതും.
ഗ്രൂപ്പ് സിയില്‍ നടന്ന കളിയില്‍ അസര്ബെയ്ജാന് ക്ലബ് എഫ്സി ക്വബാലയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് 10 പോയിന്റുമായി നോക്കൗട്ട് ഘട്ടം ഉറപ്പാക്കി. റഷ്യന്‍ ക്ലബ് എഫ്കെ ക്രാസ്നഡാര് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രീസ് ക്ലബ് പിഎഒകെ സലോനികയെ പരാജയപ്പെടുത്തി 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നുപോയിന്റുള്ള സലോനിക മൂന്നാമതാണ്.
ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ നാലാം വിജയം നേടിയാണ് സീരി എ ക്ലബ് നപ്പോളി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഡാനിഷ് ക്ലബ് മിഡ്റ്റിലാന്ഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് നപ്പോളി തകര്‍ത്തെറിഞ്ഞത്. മറ്റൊരു കളിയില്‍ ക്ലബ് ബ്രുഗെ 1-0ന് ബെല്‍ജിയം ടീം വാഴ്സൗവിനെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് ഇയില്‍ ആസ്ട്രിയന്‍ ക്ലബ് റാപ്പിഡ് വിയന്ന നാലാം വിജയം നേടി നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയന്ന കീഴടക്കി. മറ്റൊരു കളിയില്‍ വിയ്യാറയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ മിന്സ്കിനെ കീഴടക്കി നോക്കൗട്ട് സാധ്യത വര്‍ദ്ധിപ്പിച്ചു. നാല് കളികളില്‍ നിന്ന് 9 പോയിന്റുള്ള വിയ്യാറയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പ് എഫില്‍ പോരാട്ടം കനക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങ് ബ്രാഗയും (9 പോയിന്റ്) 7 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്ക് ടീം സ്ലോവന് ലിബെറക്കും 6 പോയിന്റുള്ള ഫ്രഞ്ച് ടീം മാഴ്സെലയും തമ്മിലാണ് നോക്കൗട്ട് ഉറപ്പിക്കാനുള്ള പോരാട്ടം നടക്കുന്നത്. ഇന്നലെ നടന്ന കളികളില്‍ മാഴ്സലെ 1-0ന് ഒന്നാം സ്ഥാനത്തുള സ്പോര്‍ട്ടിങ് ബ്രാഗയെയും സ്ലോവന് ലിബെറക്ക് ഇതേ സ്കോറിന് ഡച്ച് ടീം ഗ്രോനിന്ഗനെയും പരാജയപ്പെടുത്തിയതോടെയാണ് പോരാട്ടം കനത്തത്.
ഗ്രൂപ്പ് ജിയില്‍ ഇറ്റാലിയന്‍ ക്ലബ് ലാസിയോ ഏറെക്കുറെ സാധ്യത ഉറപ്പിച്ചു. ഇന്നലെ നടന്ന കളിയില്‍ നോര്‍വീജിയന്‍ ക്ലബ് റോസന്‍ബര്‍ഗിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് ലാസിയോ അടുത്ത റൗണ്ടിന്റെ പടിവാതില്‍ക്കലെത്തിയത്.
മറ്റ് പ്രധാന മത്സരങ്ങൡ എഫ്സി ബാസല്‍, ഫിയോറന്റീന, ടോട്ടനം, അത്ലറ്റിക് ബില്‍ബാവോ, എഫ്സി ആഗ്സ്ബര്ഗ് എന്നിവര്‍ വിജയം കണ്ടപ്പോള്‍ മൊണാക്കോ, ബെസിക്റ്റാസ്, ഷാല്‍ക്കെ തുടങ്ങിയ പ്രമുഖര്‍ സമനിലയില്‍ കുടുങ്ങി. അഞ്ചാം റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ 26ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: