ഒട്ടാവ : കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി ഭാരത വംശജനായ ഹര്‍ജിത് സജ്ജാന്‍ (42) ചുമതലയേറ്റു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡെയുടെ നേതൃത്വത്തിലുള്ള 30 അംഗ മന്ത്രിസഭയിലാണ് സിഖുകാരനായ ഹര്‍ജിത് സജ്ജാന്‍ കാനഡയുടെ പ്രതിരോധ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
വാന്‍കൗവര്‍ സൗത്തില്‍ നിന്നാണ് സജജാന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒട്ടാവയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഭാരതത്തില്‍ ജനിച്ച ഹര്‍ജിത് സജ്ജാന്‍ തന്റെ അഞ്ചാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം കാനഡയില്‍ താമസം തുടങ്ങിയത്. പിന്നീട് കാനഡയുടെ സൈനിക സംഘടനയില്‍ ലഫ്റ്റനന്റ് കേണലായി പ്രവര്‍ത്തിച്ചു. ബോസ്നിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള കാനഡയുടെ സൈനിക സംഘത്തില്‍ അംഗമായിരുന്നു ഹര്‍ജിത് സജ്ജാന്‍.
കാണ്ഡഹാര്‍ പ്രവിശ്യയിലെ താലിബാന്റെ അതിപ്രസരം തടയുന്നതടക്കം നിരവധി മികച്ച സൈനിക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ഹര്‍ജിത് കാനഡയുടെ നിരവധി സൈനിക ബഹുമതികളും നേടിയിട്ടുണ്ട്. പ്രാദേശിക സംസ്കാരമായും ഗോത്ര പാരമ്പര്യവുമായും ബന്ധപ്പെട്ട അറിവും സ്വാധീനവുമാണ് ഹര്‍ജിത്തിന് ഈ നേട്ടങ്ങള്‍ നേടിക്കൊടുത്തത്.
ഇറാഖിലും സിറിയയിലും ഐഎസ് ഭീകര സംഘടനയ്ക്കെതിരെ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ സൈന്യത്തില്‍ നിന്നും സിഎഫ് 18 യുദ്ധ വിമാനങ്ങള്‍ തിരിച്ചു വിളിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡെ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഉദ്യമമാണ് ഹര്‍ജിത് സജ്ജന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സൈനിക പ്രവര്‍ത്തനം.
കാനഡയുടെ ഇരുപത്തി മൂന്നാമത്തെ പ്രധാനമന്ത്രിയായാണ് ജസ്റ്റിന് ട്രൂഡെ ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: