മുംബൈ: വാതുവെപ്പുകേസില്‍ ആരോപണ വിധേയനായ ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു. സുന്ദര്‍ രാമന്റെ രാജി ബി.സി.സിഐ അംഗീകരിച്ചു. ഇന്നലെ നാഗ്പൂരില്‍ പുതിയ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. നവംബര്‍ അഞ്ചിന് ബിസിസിഐയിലെ എല്ലാ ഒദ്യോഗിക സ്ഥാനങ്ങളും ഒഴിയും.
ബിസിസിഐ മുന്‍ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ വിശ്വസ്തനായ സുന്ദര്‍ രാമന്‍ 2008ലാണ് ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയിലെത്തിയത്. സുന്ദര്‍ രാമന്റെ ചില നടപടികള്‍ ജസ്റ്റിസ് ലോധ കമ്മറ്റി വിമര്‍ശിച്ചിരുന്നു.
സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഐ.പി.എല്‍. അഴിമതിക്കേസ്സ് അന്വേഷിച്ച മുന്‍ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗസമിതി കണ്ടെത്തിയിരുന്നു.
സുന്ദര്‍രാമന്‍ വാതുവെപ്പുകാരുടെ പരിചയക്കാരനെ എട്ടുതവണ ഒരു സീസണില്‍ത്തന്നെ ബന്ധപ്പെട്ടിരുന്നതിന് തെളിവു ലഭിച്ചിരുന്നു. മെയ്യപ്പന്റെയും രാജ്കുന്ദ്രയുടെയും വാതുവെപ്പ് ഇടപാടുകളെ ക്കുറിച്ച് ഇദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്.
















