ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അത്ലറ്റികോ കൊല്‍ക്കത്തയെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡൈനാമോസിന് ഇന്ന് ഏഴാം മത്സരം. എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. രാത്രി 7ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്. ഇന്ന് വിജയിച്ചാല്‍ ദല്‍ഹി ഡൈനാമോസിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. നിലവില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും.
കളിച്ച ആറ് കളികളില്‍ നാല് വിജയവും രണ്ട് പരാജയവുമടക്കം 12 പോയിന്റാണ് ദല്‍ഹിക്കുള്ളത്. ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയാല്‍ 15 പോയിന്റുമായി അവര്‍ക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയെ ഇഞ്ചുറി സമയത്ത് ഡോസ് സാന്റോസ് നേടിയ ഏക ഗോളിനാണ് ദല്‍ഹി ഡൈനാമോസ് പരാജയപ്പെടുത്തിയത്. മികച്ച പ്രതിരോധ-മധ്യനിരയുണ്ടെങ്കിലും ഷാര്‍പ്പ് ഷൂട്ടറുടെ അഭാവമാണ് ഡൈനാമോസിനെ അലട്ടുന്നത്. ആറ് കളികളില്‍ നിന്ന് അവര്‍ ആകെ നേടിയത് അഞ്ച് ഗോളുകള്‍ മാത്രം. വഴങ്ങിയതും അഞ്ചെണ്ണം.
മികച്ച സ്ട്രൈക്കറായ ഘാന താരം റിച്ചാര്‍ഡ് ഗാഡ്സെക്ക് ഇതുവരെ രണ്ട് ഗോളുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സ്ട്രൈക്കര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഇന്നും ദല്‍ഹിയുടെ കാര്യം കഷ്ടത്തിലാകും. പ്രതിരോധനിരയാണ് ഏറ്റവും കരുത്ത്. ജോണ്‍ ആര്‍നെ റീസും മലയാളി താരം അനസ് എടത്തൊടികയും ബ്രസീലിയന്‍ താരം ചികാവോയും സൗവിക് ചക്രവര്‍ത്തിയുമാണ് പ്രതിരോധത്തിലെ നെടുംതൂണുകള്‍. എന്നാല്‍ അത്ലറ്റികോക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ സൗവിക് ഇന്ന് കളിക്കാനിറങ്ങില്ല. സൗവികിന് പകരം ആരായിരിക്കും പ്രതിരോധത്തില്‍ എന്ന് മാത്രമേ അറിയാനുള്ളൂ.
മധ്യനിരയില്‍ ഹാന്‍സ് മള്‍ഡറും സാന്റോസുമാണ് പ്രധാനതാരങ്ങള്‍. സ്ട്രൈക്കര്‍മാരായി മലൂദയും ഇന്ത്യന്‍ താരം റോബിന്സിംഗുമായിരിക്കും ഇറങ്ങുക. കഴിഞ്ഞ കൊല്‍ക്കത്തക്കെതിരായ കളിയിലെന്നപോലെ റോബര്‍ട്ടോ കാര്‍ലോസ് ഇന്നും പകരക്കാരന്റെ റോളില്‍ കളത്തിലെത്തിയേക്കാന് സാധ്യതയുണ്ട്.
അതേസമയം നോര്‍ത്ത് ഈസ്റ്റും കരുത്തരാണ്. തുടര്‍ച്ചയായി രണ്ട് വമ്പന്‍ അട്ടിമറികളുമായി വന്ന നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുമായി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ കളിയില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റ് എവേ മത്സരത്തില്‍ പരാജയപ്പെട്ടത്. ഇന്നും പരാജയപ്പെട്ടാല്‍ അവരുടെ മുന്നേറ്റത്തെ അത് സാരമായി ബാധിക്കുമെന്നും ഉറപ്പ്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തകര്‍പ്പന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
ചെന്നൈയിന് എഫ്സിയും അത്ലറ്റികോ കൊല്‍ക്കത്തയുമാണ് അവര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. എന്നാല്‍ മുംബൈക്കെതിരായ കഴിഞ്ഞ കളിയില്‍ സെസാര്‍ ഫാരിയാസിനും സംഘത്തിനും തൊട്ടതെല്ലാം പിഴച്ചു. പ്രതിരോധത്തിലെ പാളിച്ചകളായിരുന്നു പരാജയത്തിന് മുഖ്യകാരണം. മാന്‍ ടു മാര്‍ക്കിംഗില്‍ ടീം അമ്പേ പരാജയപ്പെട്ടു. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് ആറ് ഗോളുകള്‍ നേടാന്‍ കഴിഞ്ഞ അവര്‍ 12എണ്ണം വഴങ്ങിയത് പ്രതിരോധത്തിന്റെ പരാജയം കൊണ്ടുതന്നെയായിരുന്നു.
ആറ് കളികൡ നിന്ന് മൂന്ന് ഗോള്‍ നേടിയ അര്‍ജന്റീനന്‍ താരം നിക്കോളാസ് വെലസാണ് ടീമിലെ മുഖ്യ സ്ട്രൈക്കര്‍. മാര്‍ക്വീ താരം സിമാവോ സബ്രോസ ഒരു ഗോളും നേടിയിട്ടുണ്ട്. പ്രതിരോധത്തിലെ പ്രമുഖര്‍ ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും കാമറൂണ്‍ താരം ആന്ദ്രെ ബിക്കെയുമാണ്. മികച്ച താരങ്ങളാണ് ടീമിലുള്ളതെങ്കിലും ഒത്തിണക്കമില്ലാത്തതാണ് അവരുടെ പ്രധാന പ്രശ്നം. മാര്‍ക്വീ താരം സിമാവോ, അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ വെലസ്, സിലാസ്, ബ്രൂണോ ഹെരേരോ, ഫ്രാന്‍സിസ് ഡാഡ്സെ, സെഡ്രിക് ഹെങ്ബര്‍ട്ട്, കമാറാ എന്നിവരാണ് ടീമിലെ പ്രമുഖര്‍.
എങ്കിലും ഒരു താളപ്പിഴ ടീമില്‍ നിഴലിച്ചുകാണുന്നു. എന്തായാലും കഴിഞ്ഞ ദിവസം മുംബൈ സിറ്റിയോടേറ്റ കനത്ത പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് തിരിച്ചെത്താനായി നോര്‍ത്ത് ഈസ്റ്റും വിജയത്തുടര്‍ച്ചക്ക് സ്വന്തം തട്ടകത്തില്‍ ദല്‍ഹി ഡൈനാമോസും ഇറങ്ങുമ്പോള്‍ ആവേശകരമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: