ഭോപ്പാല്‍:2009ല്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ സിമി ഭീകരന്‍ അബു ഫൈസലിന് പ്രത്യേക കോടതി ജീവപര്യന്തം കഠിന തടവുശിക്ഷ വിധിച്ചു. ഫൈസലിന് ആയുധം നല്‍കിയ കുറ്റത്തിന് കൂട്ടാളി മഹ്താബിനെ മൂന്നുവര്‍ഷം തടവിനും ശിക്ഷിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഭോപ്പാല്‍ സെഷന്‍സ് ജഡ്ജ് ബി.എസ്. ബധോരിയയാണ് പ്രതികളെ ശിക്ഷിച്ചത്.
വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി കേസിലെ വാദംകേട്ട ഫൈസല്‍ ക്ഷുഭിതനായി ജഡ്ജിനു നേരെ ആക്രോശിച്ചിരുന്നു. ശനിയാഴ്ച വിധി പ്രസ്താവവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫൈസല്‍ വീക്ഷിച്ചു. 2009ലാണ് കേസിനാസ്പദമായ സംഭവം. ഖന്ത്വ ജില്ലയിലെ സീതാ റാം യാദവ് എന്ന കോണ്‍സ്റ്റബളിനെയാണ് ഫൈസലടക്കമുള്ള അഞ്ചു പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊന്നത്. കേസിലെ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
ഒരാള്‍ വിചാരണയ്‌ക്കിടെ മരിച്ചു. സ്‌ഫോടനം, കൊലപാതകം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ഫൈസലിനെ ഇന്‍ഡോര്‍ പോലീസ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു. പിന്നീട് ജയില്‍ ചാടിയെങ്കിലും ഇയാള്‍ വീണ്ടും പോലീസിന്റെ വലയിലായി.
















