ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആക്ഷേപ ഹാസ്യഗാനത്തിലൂടെ വിമര്‍ശിച്ച നാടന്‍പാട്ടു കലാകാരന്‍ അറസ്റ്റില്‍. ‘മക്കള്‍ കലൈ ഇളകിയ കഴകം’ നാടന്‍ പാട്ട് സംഘാംഗവും ഗായകനുമായ എസ്.കോവനാണ് അറസ്റ്റിലായത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 54കാരനായ കോവനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ മദ്യനയത്തെ വിമര്‍ശിച്ചു കോവന്‍ നിര്‍മിച്ച ഗാനമാണ് അറസ്റ്റിനു വഴിവച്ചത്. വെള്ളിയാഴ്‌ച്ച രാവിലെ തിരുച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത കോവനെ പിന്നീട് പോലീസ് ചെന്നൈയിലേക്ക് കൊണ്ടുപോയി. കോവന്റെ ഗാനം യൂടൂബില്‍ ഈ മാസം ആദ്യം അപ്‌ലോഡ് ചെയ്തിരുന്നു.
സംസ്ഥാനത്തു സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ മദ്യശാലകള്‍ നാടുതോറും തുറന്നുകൊണ്ടിരിക്കുകയാണെന്നാണു ഗാനത്തിന്റെ വിമര്‍ശനം. ഗാനം വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും വൈറലാകുകയും ചെയ്തു.
പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുഖ്യമന്ത്രി ജയലളിത മദ്യം വിളമ്പുന്നതായ കാര്‍ട്ടൂണ്‍ ഉണ്ട്. ഇതു മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തന്നതാണെന്നു പോലീസ് പറയുന്നു.
















