കൊല്ലം: നഗരമധ്യത്തിലെ പള്ളിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വികാരിക്ക് ലഭിച്ച ഫോണ്‍ സന്ദേശം നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള തുയ്യം വേളാങ്കണ്ണി പള്ളിയിലായിരുന്നു സംഭവം.
പള്ളിവികാരിയുടെ മൊബൈല്‍ ഫോണിലാണ് അജ്ഞാത സന്ദേശം എത്തിയത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. എസിപി സന്തോഷ്‌കുമാറിന്റെയും ഈസ്റ്റ് സിഐ ഷെരിഫീന്റെയും നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമെത്തി പരിസരമാകെ പരിശോധിക്കുകയും സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തിരക്കുള്ള കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് നിന്നെത്തിയ സന്ദേശം പോലീസ് ഗൗരവത്തോടെയാണ് വിലയിരുത്തിയത്. നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശവും പോലീസ് നല്‍കിയിരുന്നു. സന്ദേശം വന്നത് നമ്പര്‍ മൊബൈലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വഷണത്തിന് സൈബര്‍ സെല്ലിന് നമ്പര്‍ കൈമാറി. ഫോണ്‍ സന്ദേശത്തിന് പിന്നില്‍ എന്തെങ്കിലും ആസൂത്രണങ്ങളുണ്ടോ എന്നതും പരിശോ ധിക്കപ്പെടും.
തീര്‍ത്തും സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരത്തില്‍ ഭീഷണി വരാനുള്ള കാരണമാണ് ദുരൂഹമാകുന്നത്. അരുവിക്കര തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യാവസ്ഥയിലാണ് തങ്കശ്ശേരിയില്‍ കുരിശടി ആക്രമിക്കപ്പെട്ടത്. ആ സംഭവത്തിന് ഉത്തരവാദികളായവരെ ഇനിയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
















