കൊണ്ടോട്ടി: കോണ്‍ഗ്രസിലെ ഭിന്നത വീണ്ടും കൊണ്ടോട്ടിയില്‍ രൂക്ഷമാകുന്നു. നഗരസഭ 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് ഡിസിസി മെമ്പര്‍ കെ.എ.മൊയ്തീന്‍കുട്ടി. തനിക്ക് നല്‍കാമെന്ന് കെപിസിസി വരെ സമ്മതിച്ച സീറ്റ് മന്ത്രി ആര്യാടന്റെ ഒത്താശയോടെ തട്ടിയെടുക്കുകയായിരുന്നെന്ന് മൊയ്തീന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുനിസിപ്പല്‍ കമ്മറ്റി യോഗം ചേര്‍ന്നപ്പോള്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നത് തന്റെ പേരായിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരും പാര്‍ട്ടിയിലെ പ്രമാണിമാരും ചേര്‍ന്ന് ഈ തീരുമാനം അട്ടിമറിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ ഡിസിസി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ പെട്ടെന്നൊരു ദിവസം അടുത്ത വാര്‍ഡിലെ വോട്ടറായ അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയായി അവരോധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്നും വിജയപ്രതീക്ഷയുണ്ടെന്നും മൊയ്തീന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: