തൊടുപുഴ: കയറ്റിറക്കു കൂലി വര്ദ്ധവിനുളള ചര്‍ച്ചകള്‍ നടക്കവെ യൂണിയനുകളെ ബഹിഷ്ക്കരിച്ച് ഒരു വിഭാഗം ചുമട്ടു തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തൊടുപുഴയില്‍ സംഘര്‍ഷം. തൊഴിലാളികള്‍ മാര്‍ക്കറ്റ് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം ഒരു മണിക്കൂറോളം നിലച്ചു. സ്ഥലത്തെത്തിയ മര്‍ച്ചന്റസ് അസോസിയേഷന് നേതാക്കള്‍ക്കു നേരെ കൈയേറ്റമുണ്ടായതായി ആരോപിച്ച് നഗരത്തില്‍ വ്യാപാര ഹര്‍ത്താല്‍ നടന്നു. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച പ്രശ്നങ്ങള്‍ മൂന്നു മണിയോടെയാണ് പരിഹരിച്ചത്.തൊടുപുഴ താലൂക്കിലെ കയറ്റിറക്കു കൂലി കരാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയു, എന്നിവയടങ്ങുന്ന സംയുക്ത ട്രേഡ് യണിയന്‍ 50 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ട് ഡിമാന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അസി.ലേബര്‍ ഓഫീസര്‍ മൂന്നു തവണ വ്യാപാരികളുടേയും യൂണിയനുകളുടേയും യോഗം വിളിച്ചു ചേര്‍ക്കുകയും ഒത്തു തീര്‍പ്പു സാധ്യതകള്‍ തെളിഞ്ഞുവരികയുമായിരുന്നു. നാലാം വട്ട ചര്‍ച്ച 16ന് നിശ്ചയിച്ചെങ്കിലും ഹര്‍ത്താല്‍ മൂലം മാറ്റിവെച്ചു.ഇതിനിടെയാണ് ഒരു വിഭാഗം തൊഴിലാളികള്‍ യൂണിയനുകളെ ഒഴിവാക്കി സംഘടിത പണിമുടക്കിനിറങ്ങിയത്. മാര്‍ക്കറ്റ് റോഡിലെ സി.എ ബ്രദേഴ്സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന സവാള ഇറക്കാന്‍ പണിമുടക്കിയ തൊഴിലാളികള്‍ അനുവദിച്ചില്ല. ഇതോടെ വ്യാപാരികള്‍ തന്നെ ചരക്കിറക്കാന്‍ ശ്രമിച്ചു. ഇതേ സമയം തന്നെ ഇവിടെ നിന്നും സാധനങ്ങള്‍ കൊണ്ടുപോകാനെത്തിയ വാഹനം തൊഴിലാളികള്‍ തടയുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സ്ഥലത്തെത്തിയ മര്‍ച്ചന്റസ് അസോസിയേഷന് നേതാക്കള്‍ക്കു നേരെ കൈയേറ്റമുണ്ടായതായി പറയുന്നു. ഉടന്‍ നഗരത്തിലെ കടകളെല്ലാം അടച്ചു.നോട്ടീസ് നല്‍കാതെ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ സ്ഥലത്തെത്തി അറിയിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറിനകം ചരക്ക് ഇറക്കിയില്ലെങ്കില്‍ പോലീസ് ഇടപെടുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ മൂന്നു മണിയോടെ സമരക്കാര്‍ തന്നെ ചരക്കിറക്കി. കഴിഞ്ഞ കരാര്‍ പ്രകാരം മൂന്നു ഘട്ടങ്ങളിലായി 37 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 26ന് അടുത്ത ഘട്ടം ചര്‍ച്ച നടത്താനാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ മാരിയില്‍ കൃഷ്ണന്‍നായര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി. വേണു, ഭാരവാഹികളായ എന്‍.പി ചാക്കോ, സി.ജെ ജെയിംസ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: