അഗര്‍ത്തല: ഹിന്ദുക്കളുടെ പ്രധാന ആഘോഷമായ ദുര്‍ഗാപൂജയില്‍ സജീവമായി പങ്കെടുത്ത് ത്രിപുരയിലെ മുസ്ലിങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക തീര്‍ത്തു. സംസ്ഥാനത്തെ നിരവധി ദുര്‍ഗാപൂജകള്‍ സംഘടിപ്പിച്ചത് മുസ്ലിങ്ങളായിരുന്നു. വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും പന്തലുകള്‍ ഒരുക്കാനും അവര്‍ മുന്നില്‍ നിന്നു. പൂജകള്‍ക്ക് വേണ്ട പണം ചെലവിട്ടതും മുസ്ലിങ്ങള്‍ തന്നെ.
ശിപാഹിജാല ജില്ലയിലെ സോനാമുറ സബ് ഡിവിഷനിലെ ബ്ലഡ് ഡ്രോപ്പ് ക്ലബ്ബിലെ ദുര്‍ഗാ പൂജ മുസ്ലിം പ്രസിഡന്റിന്റെ നേതൃത്വത്തിലെ കമ്മറ്റിയാണ് സംഘടിപ്പിച്ചത്. ബാസിറുദ്ദീന്‍ ഭുയന്‍ എന്നയാളാണ് തുടര്‍ച്ചയായ മൂന്നാം തവണയും ദുര്‍ഗാപൂജാ ആഘോഷ കമ്മറ്റിയെ നയിച്ചത്.
ദുര്‍ഗാപൂജയില്‍ കുട്ടിക്കാലം മുതല്‍ക്കെ പങ്കെടുക്കാറുണ്ടെന്നും ഹിന്ദുക്കളുടെ മാത്രം ആഘോഷമാണതെന്ന് കരുതുന്നില്ലെന്നും ബാസിറുദ്ദീന്‍ പറഞ്ഞു. ദുര്‍ഗാപൂര്‍ ഗ്രാമം, ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ സബ് ഡിവിഷന്‍ തുടങ്ങി വിവിധയിടങ്ങളില്‍ മുസ്ലിങ്ങള്‍ ദുര്‍ഗാപൂജയെ തങ്ങളുടെ ഉത്സവമാക്കി മാറ്റി.
















