ലക്‌നൗ: അമിതാഭ് ബച്ചനും കുടുംബത്തിനും മാസം 50000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഏറ്റവും ഉന്നത ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ നേടിയവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. മൂന്ന് പേരും പുരസ്‌കാരം നേടിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുകയാണിത്. ഇന്ത്യയില്‍ 45000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുക. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ലഭിയ്‌ക്കുന്ന ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ തുക 23,309 രൂപയാണ്. 100 ടെസ്റ്റ് പൂര്‍ത്തിയാക്കിയ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബി.സി.സി.ഐ പെന്‍ഷനായി നല്‍കുന്ന തുക മാത്രമാണ് 50000രൂപ വരുന്നത്.
യാഷ് ഭാരതി സമ്മാന്‍ 1994ലാണ് നല്‍കിത്തുടങ്ങിയത്. അമിതാഭ് ബച്ചന്റെ പിതാവും പ്രശസ്ത ഹിന്ദി കവിയുമായ ഹരിവംശറായ് ബച്ചനാണ് ആദ്യ പുരസ്‌കാരം നേടിയത്. ഈ വര്‍ഷം ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി, ഗായകന്‍ കൈലാഷ് ഖേര്‍ എന്നിവരടക്കം 56 പേര്‍ക്കാണ് യുപി സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിയത്.
















