ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നേരേ ലൈംഗിക പീഡനം. രണ്ടര, അഞ്ച് വയസ്സുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരേയാണ് അതിക്രമം നടന്നത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ നംഗ്ലോയില്‍ വീടിന് പുറത്തു നില്‍ക്കുകയായിരുന്ന കുഞ്ഞിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ അടുത്തുള്ള പാര്‍ക്കില്‍ നിന്നും സാരമായ മുറിവുകളോടെ പെണ്‍കുഞ്ഞിനെ കണ്ടെത്തി.
പെണ്‍കുട്ടി ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്ത് സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് കുഞ്ഞിനെ ബൈക്കിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകുന്നത് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ബൈക്കിന്റെ നമ്പര്‍ കാണാന്‍ സാധിക്കാത്ത നിലയിലായിരുന്നു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
കിഴക്കന്‍ ദല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് അഞ്ചുവയസ്സുകാരി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചത്. വീട്ടില്‍ തനിച്ചായിരുന്ന കുഞ്ഞിനെ അയല്‍ക്കാരന്‍ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ രണ്ടുപേരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. വസ്ത്രത്തില്‍ മുഴുവന്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സംഭവത്തിലുള്‍പ്പെട്ട മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കുട്ടിയെ ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതിനിടെ സംഭവത്തെ രാഷ്‌ട്രീയ ആയുധമാക്കി ഉപയോഗിച്ചുകൊണ്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. പിഞ്ചുകുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയാണെന്ന് കെജ്രിവാള്‍ ചോദിച്ചു. പോലീസിനെ കുറച്ചു നാളത്തേക്ക് തനിക്ക് വിട്ടു നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു. എല്ലാ ലൈംഗിക പീഡനങ്ങള്‍ക്കും ശേഷം തനിക്ക് എന്തുചെയ്യാനാകുമെന്ന് ചോദിച്ചിരുന്ന മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ അതിനിശിതമായി വിമര്‍ശിച്ചിരുന്ന കെജ്രിവാള്‍ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ്.
2013 ജൂണ്‍ 26ന് കെജ്രിവാള്‍ നടത്തിയ പ്രസ്താവന ഇങ്ങനെ. ‘എല്ലാ പീഡനങ്ങള്‍ക്കും ശേഷം ഷീലാദീക്ഷിത് പ്രസ്താവന നടത്തുന്നത് ഇപ്രകാരമാണ്. ഞാനെന്തു ചെയ്യാന്‍? ദല്‍ഹി പോലീസ് എന്റെ കയ്യിലല്ല. ഇത്ര നിസ്സഹായയായ മുഖ്യമന്ത്രിയെ നമുക്കാവശ്യമുണ്ടോ?’
എന്നാല്‍ പഴയ പ്രസ്താവനകളെല്ലാം സൗകര്യപൂര്‍വ്വം മറന്ന് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ ശ്രമം. അതിനിടെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ദിവസങ്ങളായി മൂന്നുപേര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന പരാതി നല്‍കിയ 17കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പോലീസ് ഉചിതമായ നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ.
















