തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ സൗത്ത് സോണല്‍ ഗെയിംസില്‍ ആതിഥേയരായ തിരുവനന്തപുരം മുന്നില്‍. ആദ്യ ദിനത്തിലെ 13 ഇന മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 7സ്വര്‍ണ്ണവും 2വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി 86 പോയന്റോടെയാണ് തിരുവനന്തപുരം ആധിപത്യം പുലര്‍ത്തിയത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗം ടെന്നീസില്‍ തിരുവനന്തപുരം സ്വര്‍ണ്ണമണിഞ്ഞു. കബഡിയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടു. പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ്ബാള്‍ വിഭാഗത്തില്‍ തിരുവനന്തപുരം സ്വര്‍ണ്ണം നേടിയപ്പോള്‍ കോട്ടയം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വണ്ണജേതാക്കളായി. ബാഡ്മിന്റണില്‍ ഇരുവിഭാഗങ്ങളിലും എറണാകുളം ജേതാക്കളായപ്പോള്‍ ബോള്‍ ബാഡ്മിന്റണില്‍ കൊല്ലം ആണ്‍കുട്ടികളിലെ ചാമ്പ്യന്മാരായി. ഖൊ-ഖൊയില്‍ ഇരുവിഭാഗങ്ങളിലും തിരുവനന്തപുരം സ്വര്‍ണ്ണം കയ്യടിക്കിയപ്പോള് ഹാന്‍ഡ്ബാള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം സ്വര്‍ണ്ണ ജേതാക്കളായി.
2 സ്വര്‍ണ്ണവും 3 വെള്ളിയും 5 വെങ്കലവും നേടിയ 48 പോയിന്റോടെ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 2സ്വര്‍ണ്ണവും 3 വീതം വെള്ളിയും വെങ്കലവും നേടി 44 പോയിന്റോടെ കോട്ടയം മൂന്നാംസ്ഥാനത്തുണ്ട്. മത്സരം 18 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: