സൂര്യനസ്തമിക്കാത്ത സൂര്യകാലടിമനയില് ദിവസേന ചെയ്യുന്ന താന്ത്രിക കര്‍മ്മം, വാഞ്ഛാകല്പ്പലതാ യാഗം, ഗണേശ ആരാധനാ യജ്ഞങ്ങളില്‍ അത്യപൂര്‍വ്വമായ ആരാധനയാണ്. തന്ത്രശാസ്ത്രോക്തമായ ഗണേശാരാധനാ യജ്ഞങ്ങളില്‍ രഹസ്യവും വൈദിക താന്ത്രിക വിദ്യകളുടെ തിവിദഗ്ദമായ സമ്മേളനം കൊണ്ട് പുഷ്ടവുമാണ് വാഞ്ഛാ കല്പ്പലതായാഗം.
യജ്ഞഫലം എന്നത് ഇഷ്ടപൂര്ത്തീകരണം തന്നെയാണ്. രണ്ട് വ്യത്യസ്ത സ്വരൂപങ്ങളായ ദേവതാ സ്വരൂപ മന്ത്രങ്ങളെ സവിശേഷമായി കൂട്ടിച്ചേര്‍ത്ത് ഒറ്റ മന്ത്രമായി ദ്രവ്യരൂപത്തില്‍ ഹോമിക്കുന്നു. പുരുഷ സ്വരൂപമായ ഗണപതി മന്ത്രങ്ങളും, സ്ത്രീ രൂപമായ ത്രിപുരസുന്ദരി മന്ത്രങ്ങളുമായി കൂട്ടിയിണക്കി ചെയ്യുന്ന അതി നിഗൂഢമായ താന്ത്രിക വിദ്യ. സ്ത്രീ രൂപത്തിന്റെ ശക്തിയാണ് ഇതിലൂടെ ഉദ്ഘോഷിക്കപ്പെടുന്നത്. ശ്രീരാമസുന്ദരി, ഗോപാലസുന്ദരി, ശിവസുന്ദരി എന്നിവയെ പോലെ തന്നെ ലോകനന്മക്കായി ഗണേശസുന്ദരിയും പിറന്നു. ഗണപതിയും ത്രിപുരസുന്ദരിയും ചേര്‍ന്ന് ഗണേശസുന്ദരി എന്ന ഗണേശാനിയെയാണ് യാഗത്തിലൂടെ ആരാധിക്കുന്നത്. രണ്ട് ശക്തിയുള്ള ദേവതകളെ ബീജാക്ഷരങ്ങളിലൂടെ ഒരുമിച്ച് ചേര്‍ക്കുന്നു. യാഗത്തില്‍ പങ്കെടുത്ത് എന്താഗ്രഹിച്ചാലും ഫലത്തില്‍ വരുമെന്ന് ഗുരുക്കന്മാര് സാക്ഷ്യപ്പെടുത്തുന്നു.
ആത്മീയവും ഭൗതികവുമായ ആഗ്രഹഫലസിദ്ധി തന്നെയാണ് വാഞ്ഛാകല്പ്പലതാ എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. പണ്ട് കാലങ്ങളില്‍ കൊട്ടാരങ്ങളിലും പ്രഭുകുടുംബങ്ങളിലും ചെയ്തു വന്നിരുന്നയാഗം സൂര്യകാലടി മനയ്ക്ക് പുറത്ത് അപൂര്‍വമായി മാത്രമേ ചെയ്യുകയുള്ളൂ. അഭീഷ്ടസിദ്ധിക്കായി ഇതേ പോലെ മറ്റൊന്നില്ല എന്ന് തന്ത്രഗ്രന്ഥങ്ങള്‍ തന്നെ ഉദ്ഘോഷിക്കുന്നു. യാഗത്തില്‍ ആദ്യന്തം പങ്കെടുക്കുക, യജ്ഞാന്ത്യത്തില്‍ ലഭിക്കുന്ന വിശേഷ പ്രസാദമായ തീര്‍ത്ഥം സേവിക്കുക ഇവയൊക്കെ ഭാഗ്യശാലികള്‍ക്കു മാത്രം പ്രാപ്തമായ ഒന്നാണ്. ഇന്ന് ആലപ്പുഴ ജില്ലയിലെ മുഹമ്മ വേദവ്യാസ വിദ്യാപീഠം സ്കൂളില്‍ നടക്കുന്ന യാഗത്തിന് സൂര്യകാലടിമനയിലെ മുഖ്യ തന്ത്രി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
യാഗത്തിന്റെ ഫലപ്രാപ്തി ആവാഹിക്കുവാന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും സമീപവാസികളും തയ്യാറെടുപ്പിലാണ്. ഗം ഗണപതയേ നമ: എന്ന് 108 തവണ ഉരുവിട്ട് ഒരു പിടി മലര് യാഗത്തിനായി ഇവര്‍ നീക്കി വെയ്ക്കുന്നു. സപ്തംബര്‍ 13 ന് സ്കൂളിലെത്തിയ കാര്മികന് യാഗത്തിന്റെ മാഹാത്മ്യം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുകയും മന്ത്രോപദേശം നല്‍കുകയും ചെയ്തു. മന്ത്രം ചൊല്ലി നീക്കി വെച്ച മലരാണ് യാഗത്തില്‍ അര്‍പ്പിക്കുക. ലോകത്തിലാദ്യമായാണ് വാഞ്ഛാ കല്പ്പലതാ യാഗത്തിനായി ഒരു സ്കൂള്‍ തെരഞ്ഞെടുക്കുന്നത്. ഭവാനീശ്വരം ക്ഷേത്രത്തിലും യാഗം നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: