പാലക്കാട്: കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാമെന്നു പറഞ്ഞ് തമിഴ്നാട് പുതുക്കോട്ടൈ സ്വദേശി രാമമൂര്‍ത്തിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വായ്പ നല്‍കാതെ കബളിപ്പിച്ച കേസില്‍ രണ്ടു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് യാക്കര വടക്കുമുറിയി താമസിക്കുന്ന താഹിര്‍ എന്ന താഹിര്‍(29), ചിറ്റിലഞ്ചേരി കൊങ്ങല്ലൂര്‍ കൈതോണ്ട വീട്ടില്‍ സുധീഷ്(27) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് പൂടൂര്‍ ഉമാ നഗറില്‍ വാടകയ്ക്കു വീടെടുത്ത് തമിഴ്നാട് പുതുക്കോട്ടൈ സ്വദേശിയായ രാമമൂര്‍ത്തിയെ ബ്രോക്കര്‍ മുഖേന ബന്ധപ്പെട്ട് കുറഞ്ഞ പലിശ നിരക്കില്‍ രണ്ട് കോടി രൂപ വായ്പ നല്‍കാമെന്നു പറഞ്ഞ് ഡോക്യുമെന്റേഷന് ചാര്‍ജ് എന്ന നിലയില്‍ 10 ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. എല്ലാവരും വ്യാജ പേരുകളിലാണ് ഇടപാട് നടത്തിയിരിക്കുന്നത്. രാമമൂര്‍ത്തിയെ പാലക്കാട്ട് വരുത്തി പണം വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെല്ലാം വ്യാജ വിലാസക്കാരായതിനാല് അന്വേഷണം വൈകിയിരുന്നു. കഴിഞ്ഞ ദിവസം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണ തട്ടിപ്പുകാരില്‍ നിന്നുമാണ് ഈ കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ടൗണ്‍ നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദ്, എസ്.ഐ എം. സുജിത്, അഡീ എസ്.ഐ ജയദേവന്, എസ്.സി.പി.ഒ: ഷാഹുല്‍ഹമീദ്, സി.പി.ഒമാരായ കെ. അഹമ്മദ്കബീര്‍, ബാബു രാമകൃഷ്ണന്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: