മുംബൈ: പാകിസ്ഥാന് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകന്‍ നേരെ ശിവസേനയുടെ കരിഓയില്‍ പ്രയോഗം. പരിപാടിയുടെ സംഘാടകരായ ഒബ്സര്‍വര്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്മാന് സുധീന്ദ്ര കുല്‍ക്കര്‍ണിയ്ക്ക് നേരെയാണ് ശിവസേന അതിക്രമം. ഇന്ന് മുംബൈ് വര്‍ളിയിലെ നെഹ്രു സെന്ററിലാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്. പരിപാടി തടയുമെന്ന നിലപാടില്‍ ശിവസേന ഉറച്ചു നില്ക്കുന്നതിനാല് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് നെഹ്രു സെന്ററിന് സമീപം ഏര്‍പ്പെടുത്തുന്നത്.
ഖുര്‍ഷിദ് കസൂരിയുടെ നെയ്ദര്‍ എ ഹോക് നോര് എ ഡോവ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് റദ്ദാക്കണമെന്ന് ഹാള്‍ അധികൃതരോടും സംഘാടകരോടും ശിവസേന ആവശ്യപ്പെട്ടിരുന്നു. കസൂരിയുടെ പരിപാടി റദ്ദാക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ തന്റെ മുഖത്ത് കരിഓയില്‍ ഒഴിയ്ക്കുകയായിരുന്നുവെന്ന് സുധീന്ദ്ര കുല്‍ക്കര്‍ണി ആരോപിച്ചു. പത്ത് പേരോളം വരുന്ന സംഘമാണ് അതിക്രമം നടത്തിയതെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. വീടിന് പുറത്തെത്തിയപ്പോള്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ കാര്‍ ഒരു സംഘം ശിവസേന പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവരോട് സംസാരിയ്ക്കാനായി പുറത്തിറങ്ങിയപ്പോള്‍ സേന പ്രവര്‍ത്തകര്‍ കുല്‍ക്കര്‍ണിയുടെ മുഖത്തേയ്ക്ക് കരിഓയില്‍ ഒഴിച്ചു. ഭീകരത സ്പോണ്സര് ചെയ്യുന്ന പാകിസ്ഥാനുമായി സാംസ്കാരിക രംഗത്തുള്‍പ്പടെ ഒരു തരത്തിലും സഹകരണമനുവദിയ്ക്കില്ലെന്നും പാകിസ്ഥാന് പൗരന്മാരുടെ ഒരു പരിപാടിയും അനുവദിയ്ക്കില്ലെന്നുമാണ് ശിവസേന നിലപാട്. വിഖ്യാത ഗസല്‍ ഗായകന് ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി ശിവസേന ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
അതേ സമയം ഇതു കൊണ്ടൊന്നും പരിപാടിയില്‍ നിന്ന് തങ്ങള്‍ പിന്മാറില്ലെന്ന് മുന്‍ ബിജെപി ഉപദേഷ്ടാവ് കൂടിയായ സുധീന്ദ്ര കുല്‍ക്കര്‍ണി വ്യക്തമാക്കി. ശിവസേനയുടെ ഭീഷണിയും അക്രമവും അംഗീകരിയ്ക്കാനാവില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരിപാടിയ്ക്ക് സുരക്ഷയൊരുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ ഇന്നലെ രാത്രി വസതിയായ മാതോശ്രീയിലെത്തി സന്ദര്‍ശിച്ച കുല്‍ക്കര്‍ണി പരിപാടി തടസപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെ നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഖുര്‍ഷിദ് കസൂരി മുംബൈയിലെത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: