പാട്‌ന: ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ബീഹാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമണിക്ക് വോട്ടിങ് ആരംഭിക്കും. കിഴക്കന്‍ ബീഹാറിലെ പത്തു ജില്ലകളിലായുള്ള 49 നിയോജന മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പോളിങ് നടക്കുന്നത്. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യവും മുഖ്യമന്ത്രി നീതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ‘മഹാസഖ്യവും’ തമ്മിലാണ് പ്രധാന മത്സരം.
ഇന്ന് വോട്ടിങ് നടക്കുന്ന മണ്ഡലങ്ങളില്‍ 583 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ആര്‍. ലക്ഷ്മണന്‍ പറഞ്ഞു. ഇതില്‍ 54 പേര്‍ മാത്രമാണ് സ്ത്രീകള്‍. 1,35,72,339 വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഇവരില്‍ 72,37,253 പുരുഷന്മാരും 63,17,602 സ്ത്രീകളുമാണുള്ളത്. 405 മൂന്നാംലിംഗക്കാരും വോട്ടര്‍പട്ടികയിലുണ്ട്.
എല്ലാ മണ്ഡലങ്ങളിലും വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടിങ് എങ്കിലും ചില പ്രശ്‌നബാധിത മണ്ഡലങ്ങളില്‍ വോട്ടിംഗ് നാല് മണിക്കും മൂന്ന് മണിക്കും അവസാനിപ്പിക്കും. നക്‌സല്‍ ബാധിത മേഖലകളിലാണ് പ്രധാനമായും ഈ ക്രമീകരണം.
ആദ്യഘട്ടത്തില്‍ ബിജെപിയുടെ 27 സ്ഥാനാര്‍ത്ഥികളും സഖ്യകക്ഷികളായ എല്‍ജെപിയുടെ 13 സ്ഥാനാര്‍ത്ഥികളും ആര്‍എല്‍എസ്പിയുടെ ആറ് സ്ഥാനാര്‍ത്ഥികളും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ജെഡിയു-24, ആര്‍ജെഡി-17,കോണ്‍ഗ്രസ്-8 എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍. സിപിഐ, സിപിഎം, സിപിഐ എംഎല്‍,ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി, എസ്‌യുസിഐ എന്നീ ഇടതു പാര്‍ട്ടികളും ആദ്യഘട്ടത്തില്‍ വിവിധ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുണ്ട്. സിപിഐക്ക് 25പേരും സിപിഎമ്മിന് 12 പരും ആദ്യഘട്ടത്തിലുണ്ട്.
ആദ്യഘട്ട വോട്ടിങ് നടക്കുന്ന 49 മണ്ഡലങ്ങളിലെ 13,212 പോളിംഗ് സ്‌റ്റേഷനുകളിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗവും സംസ്ഥാന പോലീസും പോളിങ് സ്‌റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കാനായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഡ്രോണ്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഉപയോഗിക്കും.
നവംബര്‍ അഞ്ചിനാണ് അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാപിക്കുക. നവംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, പ്രമുഖ കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ നയിച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വിജയം കാണുമെന്ന് ഉറപ്പാണെന്ന് ബീഹാര്‍ ബിജെപി നേതൃത്വം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബീഹാറിനെ വികസിതസംസ്ഥാനമാക്കി ഉയര്‍ത്തുമെന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഛപ്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ബീഹാറിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.
ഇതിനിടെ അഴിമതിയാരോപണത്തെ തുടര്‍ന്ന് മന്ത്രി അവദേശ് കുശ്വാഹക്ക് ഇന്നലെ രാജിവെയ്‌ക്കേണ്ടിവന്നത് മഹാസഖ്യത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
















