ന്യൂദല്‍ഹി: ദല്‍ഹിയില്‍ നാലു വയസുകാരി ലൈംഗിക പീഡനത്തിനിരയായി. വടക്കന്‍ ദല്‍ഹിയിലെ കേശവപുരത്താണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് കാണാതായ കുട്ടിയെ ശനിയാഴ്ച തൊട്ടടുത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ഗുരുതരാവസ്ഥയില്‍ ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോള്‍. ദേഹത്തുടനീളം സാരമായ പരുക്കുകളുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഭീകരമായ ലൈംഗികാതിക്രമത്തിനാണ് കുട്ടി ഇരയായതെന്ന് ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ഇത്തരം ഭീകരത എന്നാണ് അവസാനിയ്ക്കുകയെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്.
ദല്‍ഹി ചെറിയ പെണ്‍കുട്ടികള്‍ക്ക് പോലും സുരക്ഷിതമായി ജീവിയ്ക്കാന്‍ കഴിയാത്ത സ്ഥലമാവുകയാണോ എന്ന് തോന്നുന്നതായി സ്വാതി മലിവാള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപത്തുള്ള മദ്യശാലയില്‍ നിന്ന് മദ്യപിച്ചിറങ്ങിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ കരുതുന്നത്. മദ്യശാലയക്ക് പുറകിലാണ് കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്നയായി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: