കറുകച്ചാല്‍ :നൂറ്റാണ്ടുകളുടെ കഥ പറയുന്ന നെടുംകുന്നം കൊഴുങ്ങല്ലൂര്‍ ചിറ അവഗണനയില്‍. 16-ാം നൂറ്റാണ്ടില്‍ രാജാവിന്റെ സ്ഥാനിയനായിരുന്ന ചാത്തനാട്ടു പണിക്കര്‍ നെടുംകുന്നത്തെ ചാത്തന്‍പാറയിലായിരുന്നു തന്റെ സൈന്യവുമായി തമ്പടിച്ചിരുന്നത്. അന്നു കുതിരകള്‍ക്ക് വെള്ളം കുടിക്കാനും കുളിപ്പിക്കാനുമായി നിര്‍മ്മിച്ചതാണ് രണ്ടര ഏക്കര്‍ വരുന്ന ഈ കൊഴുങ്ങല്ലൂര്‍ ചിറ. നേരത്തെ നെടുംകുന്നം പഞ്ചായത്ത് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. മഴവില്‍പാലം ചിത്രശലഭ പാര്‍ക്ക്, പെഡല്‍ബോട്ട്, നീന്തല്‍ പരിശീലന കേന്ദ്രം തുടങ്ങിയ ടൂറിസം പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശം. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പണികള്‍ എങ്ങും എത്തിയിട്ടില്ല. ഇപ്പോള്‍ കുളം പായല്‍ മൂടി മാലിന്യം കൊണ്ടു നിറഞ്ഞു.
ലക്ഷങ്ങള്‍ മുടക്കിയതു മിച്ചം. ഇത്രയായിട്ടും ചിറയെ സംരക്ഷിക്കുവാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. നൂറ്റാണ്ടുകള്‍ കഥ പറയുന്ന ഈ കുളം സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
















