ആലപ്പുഴ: സ്വകാര്യബസ് യാത്രക്കാര്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം മൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കായി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജീവനക്കാര്‍ നിര്‍ബന്ധമായും യൂണിഫോം, നെയിം ബാഡ്ജ് ധരിക്കണം. ബസില്‍ വാഹനത്തിന്റെ രേഖകളോടൊപ്പം ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുടെ ലൈസന്‍സും ഉണ്ടായിരിക്കണം. ഡ്യൂട്ടി സമയത്ത് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിയുന്ന രീതിയില്‍ മറ്റു ജീവനക്കാര്‍ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യരുത്.
യാത്രക്കാരോട് മര്യാദയോടും സൗമ്യമായും പെരുമാറണം. സംവരണ സീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണം. വിദ്യാര്‍ഥികളോട് സൗമ്യമായി പെരുമാറുകയും യാത്രയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതുമാണ്. എല്ലാ സ്റ്റോപ്പുകളില്‍ നിന്നും കൃത്യമായി സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരസിക്കാന്‍ പാടില്ല. സൗണ്ട് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് നിയമംമൂലം നിരോധിച്ചതാണ്. എയര്‍ ഹോണ്‍ മുഴക്കുന്നത് ഒഴിവാക്കണം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഡ്രൈവിങ് സമയത്ത് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ അറിയിപ്പുകൂടാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
















