കണ്ണൂര്‍: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് സിറ്റിങ്ങില്‍ 56 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 28 എണ്ണം തീര്‍പ്പാക്കി. 8 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനയച്ചു. 3 എണ്ണം ഫുള്‍ കമ്മീഷനും 2 എണ്ണം ജാഗ്രതാ സമിതിക്കും മാറ്റി. അടുത്ത അദാലത്തിലേക്ക് 15 പരാതികള്‍ മാറ്റിയതായി കമ്മീഷന് അംഗം അഡ്വ.നൂര്‍ബിന റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൊകേരി രാജീവ് ഗാന്ധി സ്കൂള്‍ ഹെഡ്മാസ്റ്ററും ക്ലര്‍ക്കും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി സ്കുളിലെ അധ്യാപിക പരാതിപ്പെട്ടു. സിറ്റിങ്ങില്‍ ഹാജരാകാത്ത ഹെഡ്മാസ്റ്റര്‍ക്ക് നോട്ടീസ് അയച്ചു. പ്രസവിച്ച് നാല്മാസമായ കുട്ടിയുടെ പിതൃത്വം ഭര്‍ത്താവ് ഏറ്റെടുക്കാത്ത സംഭവത്തില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തും. നിര്‍ബന്ധിത സംഘടനാ പ്രവര്‍ത്തനത്തിന് തന്റെ രണ്ട് മക്കള്‍ പോവാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഭീഷണിയുണ്ടെന്ന വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയിലെ തീരമേഖലയില്‍ താമസിക്കുന്ന സ്ത്രീയുടെ പരാതി ഫുള്കമ്മീഷന് വിട്ടു.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ക്ഷേത്രം മാനേജ്മെന്റ് റിസപ്ഷനിസ്റ്റ് തസ്തികയില്‍ നിയമിച്ചയാളെ അറ്റന്‍ഡറായി തരംതാഴ്ത്തി എന്ന പരാതിയും ഫുള്കമ്മീഷന് വിട്ടു. നാല് കേസുകളില്‍ മാസത്തില്‍ ചെലവിന് നല്കാന് ഉത്തരവായി. വിവാഹജീവിതത്തില്‍ ന്യൂ ജനറേഷന് മാതൃക പഴയ തലമുറ ആര്ജ്ജിച്ചിരിക്കുകയാണെന്ന് കമ്മീഷനംഗം അഡ്വ.നൂര്‍ബിന റഷീദ് പറഞ്ഞു. 42 വര്‍ഷം ഒരുമിച്ച് ജീവിച്ച് ഇനി തുടരാനാവില്ലെന്ന് പറഞ്ഞ് ദമ്പതികള്‍ വന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇത് പറഞ്ഞത്. പ്രായപൂര്‍ത്തിയായതും വിദ്യാസമ്പന്നരുമായ മക്കള്‍ ഉളളവരായിരുന്നു ഇവര്‍. ഇത്തരം പ്രവണത മക്കളില്‍ പെരുമാറ്റ വൈകല്യം ഉണ്ടാക്കുമെന്നും അവര്‍ തങ്ങളുടെ വിവാഹജീവിതത്തില്‍ ഈ രീതി പിന്തുടരാന് സാധ്യതയുണ്ടെന്നും കമ്മീഷനംഗം പറഞ്ഞു. അഡ്വക്കറ്റ്മാരായ. ഒ കെ പത്മപ്രിയ, അനില്‍റാണി, കെ ഷാജഹാന്, വനിതാ സെല്‍, സാമൂഹ്യനീതി വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: