ഇസ്ലാമാബാദ്: മുഹ്റം ആഘോഷവേളയില്‍ 25 ഉലമകള്‍ക്ക് (പണ്ഡിത സഭ) നിരോധനമേര്‍പ്പെടുത്താന്‍ പാക്കിസ്ഥാന് നീക്കം തുടങ്ങി. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്ന പ്രഭാഷണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഉലമകളെ മുഹ്റം സമയത്ത് നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് പ്രാദേശിക ഭരണകൂടങ്ങളോട് ഇസ്ലാമാബാദ് പോലീസ് ശുപാര്‍ശ ചെയ്തു. ഇതുകൂടാതെ ഇസ്ലാമാബാദിലുള്ള ഏഴ് ഉലമകളെയും പ്രഭാഷണങ്ങളില്‍ നിന്ന് വിലക്കിയേക്കും.
വിലക്ക് ഭീഷണി നേരിടുന്ന 25 ഉലമകളില്‍ പത്തെണ്ണം സുന്നി വിഭാഗത്തില്‍പ്പെട്ടതും അഞ്ചെണ്ണം ഷിയകളുടേതുമാണ്. പഞ്ചാബ് പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവയിലധികവും മുഹ്റം സമയത്ത് തുടര്‍ച്ചയായി ഇസ്ലാമാബാദ് സന്ദര്‍ശിക്കാറുണ്ട്.
വിവേചനപരമായ പ്രസംഗങ്ങള്‍ പാടില്ലെന്ന് ഉലമകളോടും അവരുടെ ആതിഥേയരോടും പലപ്പോഴും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയൊന്നും മതപണ്ഡിതര്‍ ചെവിക്കൊള്ളാറില്ല. ഈ സാഹചര്യത്തിലാണ് അധികൃതര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇസ്ലാമാബാദിലെ നിരവധി ഷിയാ, സുന്നി മതപണ്ഡിത സദസുകളും ക്രമസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇത്തരത്തിലെ 80ല്‍ അധികം ഉലമകളും ഇപ്പോള്‍ നിരീക്ഷണ വലയത്തിലായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: