കോഴിക്കോട്: എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുവാന്‍ പോകുന്ന പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുമായി കേരള വിശ്വകര്‍മ്മസഭയ്‌ക്ക് ബന്ധമില്ലെന്ന് പി.ആര്‍ ദേവദാസിന്റെ പ്രസ്താവന വിശ്വകര്‍മ്മജരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന പ്രസിഡന്റ് ടി.എം.പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി ടി.കെ. സോമശേഖരന്‍, വൈസ് പ്രസിഡന്റ് കെ.കെ. ഹരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കേരള വിശ്വകര്‍മ്മസഭയില്‍ അംഗമല്ലാത്ത ദേവദാസിന് സഭയില്‍ നിന്നു എങ്ങനെ പുറത്താക്കാന്‍ സാധിക്കുമെന്നും അവര്‍ ചോദിച്ചു.
സാമൂഹ്യനീതിയും, ഭരണപങ്കാളിത്തവും നിഷേധിക്കപ്പെട്ട സമുദായമാണ് വിശ്വകര്‍മ്മ സമുദായം. നാളിതുവരെ ഒരു എം.പി.യോ ഒരു മന്ത്രിയോ, സമുദായത്തില്‍ നിന്നും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെനിയമസഭയില്‍ ഒരു എംഎല്‍എയും ഇല്ല. സംസ്ഥാനം രൂപപ്പെട്ടതിനു ശേഷം നാല് എംഎല്‍എമാരാണ് ആകെ ഉണ്ടായിട്ടുള്ളത് ഈ കൊടിയ വഞ്ചനയില്‍ നിന്നും മോചനം നേടാനും മുഖ്യധാരാപ്രസ്ഥാനങ്ങളുമായി സഹകരിച്ച് സമുദായത്തിനുണ്ടായ കുറവ് പരിഹരിക്കുന്നതിനുമാണ് എസ്എന്‍ഡിപി യുമായി സഹകരിച്ച് രാഷ്‌ട്രീയ രംഗത്തേക്ക് വരാന്‍ സഭ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
















