കൊച്ചി: രാജ്യാന്തര മത്സരത്തിനുള്ള ഒരുക്കങ്ങളൊന്നും ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കണ്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളമില്ലാതെ വന്നതോടെ മൈതാനത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ വലഞ്ഞു. വെള്ളമില്ലാതെ വന്നതോടെ സ്റ്റേഡിയത്തിലെ ശൗചാലയങ്ങളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടിയിട്ടു. മൈതാനം ശുചീകരിക്കുന്നതിനുള്ള പ്രവൃത്തികളും നടത്തിയില്ല. സ്റ്റേഡിയത്തിനുള്ളില്‍ കുപ്പികളും മറ്റു മാലിന്യങ്ങളും ചിതറിക്കിടന്നിരുന്നു.
സ്റ്റേഡിയത്തിന്റെ ഉടമകള്‍ ജിസിഡിഎ മൈതാനം ഐഎസ്എല്ലിനു പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. പാട്ടത്തിനെടുത്ത കെഎഫ്എയോ മത്സരത്തിന്റെ സംഘാടകരായ ഐഎസ്എല്‍ അധികൃതരോ മൈതാനം വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറായിട്ടില്ല. മൂക്കുപൊത്തി ഗാലറികളില്‍ ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതെല്ലാം സഹിച്ചാണ് കളിയാരാധകര്‍ ഇന്നലെ മത്സരം കണ്ടത്.
















