കൊച്ചി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുവേണ്ടിയുള്ള കാത്തുനില്‍പ്പായിരുന്നു ആരാധകരെ ഏറെ അസഹിഷ്ണുക്കളാക്കിയത്. സ്റ്റേഡിയത്തിന് പുറത്ത് രാവിലെ മുതല്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ ഒരു നോക്കുകണ്ടശേഷം അകത്തു കയറാനായി കാത്തുനില്‍ക്കുകയായിരുന്നു. ആരാധകരെ നിയന്ത്രിച്ചു നിര്‍ത്താന്‍ പോലീസിന്റെ ഒരു വലിയ പടയെ തന്നെ പ്രധാന ഗേറ്റിലും പരിസരത്തും വിന്യസിച്ചിരുന്നു.
ആരാധകരുടെ ആവേശക്കടലിലേക്ക് 6.30 ഓടെ കാറില്‍ വന്നിറങ്ങിയ സച്ചിനെ കെഎഫ്എ പ്രസിഡണ്ട് കെ.എം.ഐ. മേത്തറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗേറ്റിന് സമീപം കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് രണ്ടു വാക്കു പറയാനും സച്ചിന്‍ തയാറായി. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച കളി പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നും ടീമിന് ഇത് മികച്ച സീസണായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു. സച്ചില്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഗ്യാലറികളില്‍ അക്ഷരാര്‍ഥത്തില്‍ ആവേശക്കടല്‍ ഇരമ്പി.
















