മുക്കം: മൊയ്തീന്റെയും കാഞ്ചന മാലയുടേയും ജന്മനാടായ മുക്കത്ത് ജനങ്ങളുടെ മനസ് തൊട്ടറിയാന്‍ ‘എന്നു നിന്റെ മൊയ്തീന്റെ ‘ സംവിധായകന്‍ ആര്‍.എസ്.വിമല്‍ എത്തി. മുന്നറിയിപ്പില്ലാതെയാണ് അദ്ദേഹം സിനിമ പ്രദര്‍ശിപ്പിക്കുന്ന അഭിലാഷ് തീയേറ്ററില്‍ എത്തിയത്. കനത്ത മഴയായിരുന്നിട്ടു കൂടി വിവരമറിഞ്ഞെത്തിയ മൊയ്തീന്റെയും കാഞ്ചനയുടേയും സ്വന്തം മുക്കത്തുകാര്‍ തിയറ്റര്‍ പരിസരത്ത് തടിച്ചുകൂടി.
സ്‌നേഹത്തിന്റേയും ത്യാഗത്തിന്റെയും സഹിഷ്ണതയുടേയും പാഠങ്ങള്‍ ജീവിതം കൊണ്ട് ജനങ്ങളെ പഠിപ്പിച്ച മൊയ്തീനെയും കാഞ്ചനയെയും ലോക ശ്രദ്ധയിലേക്ക് ഉയര്‍ത്തിയ സംവിധായകനെ സിനിമ കാണാനെത്തിയവരും നാട്ടുകാരും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു.
നാട്ടുകാരോടൊപ്പം സിനിമ കണ്ട ശേഷം സന്തോഷം പങ്കുവയ്‌ക്കാന്‍ വിമല്‍ തീയേറ്റര്‍ ഉടമ കുഞ്ഞേട്ടനുമൊത്ത് കേക്ക് മുറിച്ചു.
മുക്കം ലോകത്തിന് നല്‍കിയ സംഭാവനയാണ് എന്ന് നിന്റെ മൊയ്തീനെന്നും മൊയ്തീന്റെയും കാഞ്ചനയുടേയും നാട്ടുകാരുടെ കൂടെ സിനിമ കാണാന്‍ കഴിഞ്ഞത് ഏറ്റവും ആനന്ദകരമായിയെന്ന് അദ്ദേഹം പറഞ്ഞു.മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ്, എ.പി.രാധാകൃഷ്ണന്‍ തെച്ച്യാട്, മുഹമ്മദ് ബിയ്യാള്‍ കൊടുവള്ളി, എന്നിവരും വിമലിനോടൊപ്പം എത്തിയിരുന്നു.എന്നാല്‍ തന്റെ കയ്യെത്തും ദൂരത്ത് യഥാര്‍ഥ കാഞ്ചന മാല ഉണ്ടായിട്ടും അവരെ കാണാതെയാണ് വിമല്‍ മടങ്ങിയത്.
















