അമ്പത്തിയെട്ടുകാരന്‍ ശശാങ്ക് മനോഹര്‍ വീണ്ടും ബിസിസിഐയുടെ തലപ്പത്തെത്തുമ്പോള്‍ തുണയായത് നിലപാടുകളിലെ കാര്‍ക്കശ്യവും അഴിമതിരഹിത പ്രതിച്ഛായയും. ഐപിഎല്ലിലൂടെ ബിസിസിഐയിലെ തന്നെ ശക്തനായി നിന്ന ലളിത് മോദി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്നപ്പോള്‍ പുറത്താക്കാന്‍ ധൈര്യം കാട്ടി ഈ മറാത്ത യോദ്ധാവ്. മഹാരാഷ്‌ട്രയിലെ വിദര്‍ഭ സ്വദേശിയായ മനോഹര്‍ പേരെടുത്ത അഭിഭാഷകനുമാണ്.
1996ല്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റ് ശശാങ്ക് മനോഹര്‍ ക്രിക്കറ്റ് ഭരണരംഗത്തേക്ക് ചുവടുവച്ചത്. 2003-04ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗപൂരിലെ പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമായ രീതിയില്‍ ഒരുക്കിയത് ഇദ്ദേഹം വിദര്‍ഭ അസോസിയേഷന്റെ ചുമതല വഹിക്കുമ്പോള്‍. അന്ന് മത്സരം ജയിച്ച ഓസ്‌ട്രേലിയ പരമ്പരയുമായി മടങ്ങി. എല്ലാ നാടുകളിലും ടെസ്റ്റ് ജയിച്ച് അവസാന അതിരായി ഇന്ത്യയെ കണ്ട അവര്‍ക്ക് മനോഹര്‍ അതിന് അവസരമൊരുക്കിയെന്ന് അന്ന് ആക്ഷേപവുമുയര്‍ന്നു. അന്നത്തെ നായകന്‍ സൗരവ് ഗാംഗുലിയുടെ വരെ അതൃപ്തിക്കും ഇത് കാരണമായി. അതേ ഗാംഗുലി ഇന്ന് മനോഹറെ പിന്തുണയ്‌ക്കുന്നുവെന്നത് വിരോധാഭാസം.
2005ലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശരദ്പവാറിന്റെ തെരഞ്ഞെടുപ്പ് സംഘത്തില്‍ അംഗമായാണ് മനോഹര്‍ ബിസിസിഐയിലേക്കെത്തിയത്. അന്നു മുതല്‍ അഴിമതിക്കെതിരെ കര്‍ശന നിലപാടെടുത്തു. ലളിത് മോദിയുടെ നേതൃത്വത്തില്‍ 2010ല്‍ നടന്ന ഐപിഎല്‍ ടീം ലേലവും മനോഹര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ടീമുകളുടെ എണ്ണം എട്ടില്‍നിന്ന് പത്താക്കാനുള്ള നടപടികളിലെ സുതാര്യതയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ ഇദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സുനില്‍ ഗാവസ്‌കറും മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടമക്കം ആരും എതിര്‍ത്തില്ല. പിന്നീട് സുതാര്യമായി രണ്ടാമത് ലേലം നടത്തിയാണ് കൊച്ചി ടസ്‌കേഴ്‌സും പൂനെ വാരിയേഴ്‌സും ഐപിഎല്ലിന്റെ ഭാഗമായത്.
ശരദ് പവാര്‍ മന്ത്രിയായിരിക്കുമ്പോള്‍ മഹാരാഷ്‌ട്രയില്‍ അഡ്വക്കെറ്റ് ജനറലായിരുന്നു ശശാങ്ക് മനോഹറുടെ പിതാവ് വി.ആര്‍. മനോഹര്‍. 2008ല്‍ ഓസ്‌ട്രേലിയയില്‍ മങ്കി ഗേറ്റ് വിവാദത്തില്‍ പെട്ട ഹര്‍ഭജന്‍ സിങ്ങിനായി ഹാജരായതും വി.ആര്‍. മനോഹര്‍. 2008ലാണ് പവാറിനെ പിന്തുടര്‍ന്ന് ശശാങ്ക് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ കായിക സംഘടനയുടെ തലപ്പത്തെത്തുന്നത്. ക്രിക്കറ്റിനെ മാര്‍ക്കറ്റ് ചെയ്യുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലും ഇദ്ദേഹം ശ്രദ്ധിച്ചു. 2007 വരെ ഇദ്ദേഹം മൗബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ല, പാസ്‌പോര്‍ട്ടുമുണ്ടായിരുന്നില്ല. 2008ല്‍ ഐസിസി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ദുബായിലേക്ക് ഇദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്ര. സംസാരപ്രിയനല്ലാത്ത ശശാങ്ക് പ്രവൃത്തിയില്‍വിശ്വസിക്കുന്നു.
ഐപിഎല്‍ കോഴയുടെ പ്രതിഫലനം ഇപ്പോള്‍ ബിസിസിഐയിലും ക്രിക്കറ്റിലും ഒന്നാകെ പ്രതിഫലിക്കുമ്പോള്‍ മനോഹറല്ലാതെ തലപ്പത്തിരിക്കാന്‍ യോഗ്യതയുള്ളവര്‍ ചുരുങ്ങും. കര്‍ക്കശമായ ഇടപെടലുകളിലൂടെ കളിയുടെ മാന്യത വീണ്ടെടുക്കുക തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രഥമ ദൗത്യവും.
















