കട്ടക്ക്: ആദ്യ കളി തോറ്റ് പരമ്പരയില്‍ തിരിച്ചുവരുന്നത് ഇന്ത്യയ്‌ക്ക് പുതുമയുള്ള കാര്യമൊന്നുമല്ല, പ്രത്യേകിച്ച് നാട്ടിലെ പരമ്പരയില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് ഇന്ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയം വേദിയാകുമ്പോള്‍ ഈ പ്രതീക്ഷ തന്നെയാണ് ഇന്ത്യയെ നയിക്കുക. ധര്‍മശാലയില്‍ ഭൂരിഭാഗവും നിയന്ത്രണത്തില്‍ നിന്ന മത്സരമാണ് കൈവിട്ടത്. ഡുമിനിയുടെ പ്രകടനത്തെ പ്രശംസിക്കാമെങ്കിലും, ബൗളര്‍മാരുടെ പിടിപ്പുകേടാണ് മത്സരം നഷ്ടമാക്കിയതെന്ന വിശ്വാസം നായകന്‍ ധോണിക്കുള്ളത്.
എന്നാല്‍, കട്ടക്കില്‍ സാഹചര്യം വ്യത്യസ്തമെന്നും തിരിച്ചുവരാമെന്നും പ്രതീക്ഷയുണ്ട് നായകന്. മഴയാണ് വെല്ലുവിളിയാകുക. ഭുവനേശ്വറില്‍ ടീമുകള്‍ എത്തിയ സമയത്ത് ബരാബതി സ്റ്റേഡിയം കുളത്തിനു സമാനമായിരുന്നു.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല. രോഹിതും വിരാടും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ പ്രത്യേകിച്ച്. ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷയുണ്ട് നായകന്. എന്നാല്‍, സമീപകാലത്ത് ഏതു ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന അജിങ്ക്യ രഹാനെയ്‌ക്ക് പകരം അമ്പാട്ടി റായുഡുവിനെ കളിപ്പിച്ചതു തിരിച്ചടിയായി. റായുഡു പൂര്‍ണമായും നിരാശപ്പെടുത്തി. സാഹചര്യം അറിഞ്ഞ് കളിക്കാന്‍ കെല്‍പ്പുള്ള അജിങ്ക്യ മധ്യനിരയില്‍ റായുഡുവിനേക്കാള്‍ അനുയോജ്യന്‍.
ബൗളിങ്ങിലാണ് പ്രശ്‌നമേറെ.
അശ്വിന്‍ മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നത്. അക്ഷര്‍ പട്ടേല്‍ നിരാശപ്പെടുത്തി. വേഗം കുറഞ്ഞ പിച്ചുകളില്‍ അമിത് മിശ്രയെ പരീക്ഷിക്കണമെന്ന അഭിപ്രായമുയരുന്നു. ഐപിഎല്ലിലും സമീപകാലത്ത് ശ്രീലങ്കയിലെ ടെസ്റ്റ് പരമ്പരയിലും മിശ്ര മികച്ച പ്രകടനം നടത്തി. എന്നാല്‍, ബാറ്റ് ചെയ്യുമ്പോള്‍ വന്‍ അടികള്‍ക്കു കെല്‍പ്പുള്ള അക്ഷറിനെയാണ് ധോണിക്ക് താത്പര്യമെന്നത് പരസ്യമായ രഹസ്യം. പേസര്‍മാര്‍ ഭുവനേശ്വറും എസ്. അരവിന്ദും തല്ലു വാങ്ങിയെങ്കിലും പകരക്കാരില്ല. എന്നാല്‍, ഇവരില്‍ ഒരാള്‍ക്കു പകരം ബാറ്റ് ചെയ്യാന്‍ കൂടി ശേഷിയുള്ള സ്റ്റുവര്‍ട്ട് ബിന്നിയെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
മറുവശത്ത് ദക്ഷിണാഫ്രിക്ക ബോണസ് ലഭിച്ച സന്തോഷത്തില്‍. സന്നാഹ മത്സരത്തില്‍ തോറ്റു. ധര്‍മശാലയില്‍ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും ഡുമിനിയുടെ കരുത്തില്‍ തിരിച്ചെത്തി. പതിനാറാം ഓവറിലാണ് ഡുമിനി കളി കൈയിലെടുത്തത്. എ.ബി. ഡിവില്ലേഴ്‌സ്, ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, ഹാഫെ ഡ്യുപ്ലെസിസ്, ഡേവിഡ് മില്ലര്‍ തുടങ്ങിയ വന്‍ തോക്കുകള്‍ ഏതു സമയത്തും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവര്‍. ഇമ്രാന്‍ താഹിറിന്റെ സ്പിന്നും കാഗിസോ റബഡയും, കെയ്ല്‍ അബോട്ടും ക്രിസ് മോറിസുമെല്ലാം ഉള്‍പ്പെടുന്ന പേസര്‍മാരും സന്തുലിതം.
















