ന്യൂദല്‍ഹി: പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അട്ടിമറിക്കാന്‍ 1987-ല്‍ ചില രാഷ്‌ട്രീയ നേതാക്കളും സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തി പുതിയ പുസ്തകം. മുന്‍ സൈനിക കമാണ്ടര്‍ ലഫ്. ജനറല്‍ പി.എന്‍. ഹൂണിന്റെ ദി അണ്‍ ടോള്‍ഡ് ട്രൂത്ത് എന്ന പുസ്തകത്തിലാണ് ഈ വിവരം.
പക്ഷേ, ഭാരതസൈന്യത്തെ സംബന്ധിച്ചിടത്തോളം ആരും വിശ്വസിക്കാത്ത വെളിപ്പെടുത്തലുകളാണിതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
മുന്‍ കരസേനാ മേധാവി ജനറല്‍ കൃഷ്ണ സ്വാമി സുന്ദര്‍ജി, അന്നത്തെ വൈസ് ചീഫ് ലഫ്. ജന. എസ്. എഫ്. റോഡ്രിഗ്‌സ് എന്നിവരുമായി ചേര്‍ന്നായിരുന്നു പദ്ധതിയെന്ന് ഹൂണിന്റെ പുസ്തകം വിവരിക്കുന്നു. ഇതിന് ചില മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്നു. ഈ വിവരം തനിക്കു കിട്ടിയ അപ്പോള്‍ത്തന്നെ രാജീവ് ഗാന്ധിയെയും സെക്രട്ടറി ഗോപി അറോറയെയും അറിയിച്ചുവെന്നും പുസ്തകത്തില്‍ ഹൂണ്‍ വിവരിക്കുന്നു.
‘ഈ നീക്കം രാഷ്‌ട്രത്തിനു മാത്രമല്ല, നമ്മുടെ രാഷ്‌ട്രീയ സംവിധാനത്തിനും എത്രമാത്രം അപകടകരമാണെന്ന് ഞാന്‍ അവരോടു വിവരിച്ചു,’ ഹൂണ്‍ പുസ്തകത്തെക്കുറിച്ചു പറയവേ ടൈംസ് ഓഫ് ഇന്ത്യ ലേഖകനോടു പറയുന്നു.
ഈ നീക്കത്തിനു പിന്നിലെ പ്രധാനി അന്നത്തെ രാഷ്‌ട്രപതി സെയില്‍സിങ് ആയിരുന്നു. സിഖ് വിരുദ്ധ കലാപമായിരുന്നു അതിന് അടിസ്ഥാനം. എന്നാല്‍, അധികാരം മുഴുവന്‍ സൈന്യത്തിന്റെ കൈയിലാകുമെന്നു ഭയന്ന് സെയില്‍സിങ് പദ്ധതി ഒഴിവാക്കുകയായിരുന്നുവെന്നും ഹൂണ്‍ വിശദീകരിക്കുന്നു.
എന്നാല്‍, ഭാരതത്തില്‍ ഒരുകാലത്തും സൈനിക അട്ടിമറി ഉണ്ടാകില്ലെന്നും ഹൂണ്‍ പറയുന്നതിനോടു യോജിക്കാനാവില്ലെന്നും പ്രമുഖ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എയര്‍മാര്‍ഷന്‍ രണ്‍ധീര്‍ സിങ് ഹൂണിന്റെ വെളിപ്പെടുത്തലിനോട് വിയോജിച്ചു.
















